ബന്ദിപ്പൂർ രാത്രി യാത്രാ നിരോധനം; കേന്ദ്രം വിദഗ്ദ സമിതിയെ നിയോഗിക്കാമെന്ന് ഉറപ്പ് നല്‍കി: മുഖ്യമന്ത്രി

single-img
1 October 2019

കേരളാ കർണാടക അതിർത്തിയിലെ ബന്ദിപ്പൂർ പാതയിലെ രാത്രികാല വാഹന ഗതാഗതം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തിര ഇടപെടൽ തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വൈകിട്ട് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര പരിസ്ഥിതി മന്ത്രി മന്ത്രി പ്രകാശ് ജാവദേക്കർ, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി, സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി ചർച്ച ചെയ്തു. ഇപ്പോഴുള്ള ബന്ദിപ്പൂർ പാതയ്ക്ക് പകരം തോൽപ്പെട്ടി- നാഗർഹോള സംസ്ഥാന പാത ദേശീയ പാതയാക്കാമെന്നാണ് കേന്ദ്ര നിർദേശം.

യാത്രികർക്ക് ഈ പാതയിൽ 40 കിലോ മീറ്റർ അധികയാത്ര വേണ്ടിവരും. മാത്രവുമല്ല വനത്തിലൂടെ തന്നെയാണ് യാത്ര. അതിനാൽ ഇത് സംബന്ധിച്ച് പിന്നീട് തർക്കങ്ങൾ ഉയർന്നേക്കുമെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അതോടുകൂടി വിഷയം പരിഗണിക്കാൻ വിദഗ്ദ സമിതിയെ നിയോഗിക്കാമെന്ന് പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. കേന്ദ്ര സർക്കാർ സമിതിയിൽ അടിയന്തിരമായി റിപ്പോർട്ട് തേടും. സംസ്ഥാന സർക്കാരിനും അഭിപ്രായം രേഖപ്പെടുത്താം.

പക്ഷെ സുപ്രീം കോടതി നിർദേശമായതിനാൽ ഇടപെടാൻ പരിമിതിയുണ്ടെന്നും കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വാക്കുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരിയുടമായി നേരത്തെ മെട്രോയുടെ തുടർ ലൈൻ ഉദ്ഘാടനം ചെയ്തപ്പോൾ സംസാരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്.

കൊച്ചി മെട്രോയുടെ രണ്ടാം ലൈനിന് കേന്ദ്രം പുർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയം മുതൽ ടെക്നോ പാർക്ക് വരെയുള്ള 11.2 കിലോ മീറ്റർ ലൈനാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിൽ പൊതു നിക്ഷേപ ബോർഡിന്റെയും കാബിനറ്റിലും പ്രശ്നങ്ങൾ അവതരിപ്പിക്കും. മാത്രമല്ല, നെടുമ്പാശേരിയിൽ നിന്നുള്ള വിമാനയാത്രികർക്ക് ജവ. സ്റ്റേഡിയത്തിൽ മെട്രോ സ്റ്റേഷനിൽ നിന്നും ചെക്ക് ഇന്‍ ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കും.

സംസ്ഥാനത്തിലെ വിമാന സർവീസ് സംബന്ധിച്ചും സഹായം ഉണ്ടാകും. കണ്ണൂരിൽ നിന്നുമുള്ള ഹജ്ജ് സർവീസ് എന്ന ആവശ്യത്തോട് മന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതേപോലെ തന്നെ തിരുവനന്തപുരം വിമാനത്താവളം സർക്കാരിനെ എൽപ്പിക്കേണ്ടതിനെ കുറിച്ച് ഒരിക്കൽ കൂടി ആലോചിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.