ദേശീയ പൗരത്വ രജിസ്റ്റര്‍: ഹിന്ദുക്കൾക്കും ജൈനൻമാർക്കും രാജ്യം വിടേണ്ടി വരില്ല: അമിത് ഷാ

single-img
1 October 2019

പശ്ചിമ ബംഗാളിൽ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമ്പോള്‍ ഹിന്ദുക്കൾക്കും ജൈനൻമാർക്കും രാജ്യം വിടേണ്ടി വരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻ ആർ സി നടപ്പിലാക്കിയാല്‍ ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ പശ്ചിമ ബംഗാൾ വിടേണ്ടിവരുമെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമ്ത ബാനര്‍ജിയുടെ വാദം പച്ച നുണയാണ്, ഇതിനേക്കാൾ വലിയ നുണയില്ല എന്ന് അമിത് ഷാ പറയുന്നു.

അവിടെ ദേശീയ പര്വത രജിസ്റ്റര്‍ നടപ്പാക്കിയാല്‍ ഇത്തരത്തിലുള്ള ഒന്നും സംഭവിക്കില്ല. ഹിന്ദു, സിഖ്, ജൈന, ബുദ്ധമത, കൃസ്ത്യന്‍ അടക്കം എല്ലാ സമുദായത്തിലുമുള്ള അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ വിടാന്‍ കേന്ദ്രം നിങ്ങളെ നിര്‍ബന്ധിക്കില്ലെന്ന ഉറപ്പ് നല്‍കുന്നുവെന്നും അമിത്ഷാ വ്യക്തമാക്കി. ഊഹാപോഹങ്ങൾ വിശ്വസിക്കരുത്. എൻ‌ആർ‌സിക്ക് മുമ്പ് ഞങ്ങൾ പൗരത്വ ഭേദഗതി ബിൽ കൊണ്ടുവരും, അതുവഴി നിങ്ങള്‍ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.

പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ ദേശീയ പൗരത്വ രജിസ്ട്രഷനെതിരായ പ്രചാരണത്തിനെതിരെ അമിത് ഷാ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ബംഗാളിൽ എൻ‌ആർ‌സി നടപ്പിലാക്കാന്‍ അനുവദിക്കില്ലെനന്നാണ് ദീദി പറയുന്നത്. അതിന്റെ കാരണം തന്റെ വോട്ടർ അടിത്തറ വിപുലീകരിക്കാൻ നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്ത് നിര്‍ത്താന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ്. തൃണമൂൽ കോൺഗ്രസ് എത്രതന്നെ എതിര്‍ത്താലും ബിജെപി പൗരത്വ രജിസ്റ്റര്‍ പൂർത്തിയാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.

ഒറ്റ നുഴഞ്ഞുകയറ്റക്കാരനെപ്പോലും ഇന്ത്യയില്‍ നില്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, എല്ലാവരെയും പുറത്താക്കിയിരിക്കും. അതേസമയം ഒരു അഭയാർഥിക്ക് പോലും ഇന്ത്യ വിട്ട് പോകേണ്ടി വരില്ല. ഇതാണ് ബിജെപി നല്‍കുന്ന ഉറപ്പെന്ന് അമിത് ഷാ വ്യക്തമാക്കി.