തേനീച്ച കൂടുകൂട്ടിയത് കോക്പിറ്റിൽ; ജല പീരങ്കിയുമായി അഗ്നിശമന സേന; വിചിത്ര കാരണത്താൽ വിമാനം വൈകി എയർ ഇന്ത്യ

single-img
1 October 2019

കോക്പിറ്റിലെ ചില്ലുകളില്‍ തേനീച്ചകൾ കൂടുകൂട്ടിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം വൈകി . പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍നിന്നും ത്രിപുരയിലെ അഗര്‍ത്തലയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനത്തിനാണ് വിചിത്ര കാരണം മൂലം അപ്രതീക്ഷിത താമസമുണ്ടായത്.

ഈ റൂട്ടിൽ പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ 743 വിമാനത്തിന്‍റെ കോക്പിറ്റ് ചില്ലുകളിലാണ് ഒരു പറ്റം തേനീച്ച കൂട് വച്ചത്. ഉള്ളിലുള്ള പൈലറ്റിന്‍റെ കാഴ്ചയെ തടസപ്പെടുത്തുന്ന രീതിയിലായിരുന്നു തേനീച്ചക്കൂട്. ജീവനക്കാർ ജലപീരങ്കിയുപയോഗിച്ച് ഏറെ നേരം ശ്രമിച്ചതിന് ശേഷമാണ് തേനീച്ചകളെ ഒഴിവാക്കാന്‍ സാധിച്ചത്. ഇതിന് മുൻപ് സാങ്കേതിക തകരാര്‍ നേരിട്ടത് മൂലം വിമാനം ഒന്നര മണിക്കൂര്‍ താമസിച്ചിരുന്നു.

സാധാരണയായി വിമാനത്തില്‍ പോയാല്‍ കൊല്‍ക്കത്തയില്‍ നിന്ന് അറുപത് മിനിറ്റ് മാത്രമാണ് അഗര്‍ത്തലയില്‍ എത്താന്‍ വേണ്ടതെന്നിരിക്കെയാണ് എയര്‍ ഇന്ത്യ വിമാനം മണിക്കൂറുകള്‍ വൈകിയത്. മുൻപ് നിശ്ചയിച്ചിരുന്ന സമയത്ത് തന്നെ വിമാനം പാര്‍ക്ക് ചെയ്ത ഇടത്ത് നിന്ന് റണ്‍വേയിലേക്ക് പുറപ്പെട്ടെങ്കിലും പൈലറ്റ് സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇത് പരിഹരിച്ച ശേഷം വീണ്ടും യാത്ര തുടങ്ങിയപ്പോഴാണ് തേനീച്ചയുടെ ആക്രമണം.

അപ്രതീക്ഷിതമായി ആയിരക്കണക്കിന് തേനീച്ചകള്‍ ഒന്നിച്ച് കോക്പിറ്റ് ഗ്ലാസിലേക്ക് എത്തുകയായിരുന്നു. പൈലറ്റ് വിന്‍ഡ് സ്ക്രീന്‍ വൈപ്പറുകള്‍ ഉപയോഗിച്ച് ഇവയെ തുരത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് അഗ്നിശമന സേന ജലപീരങ്കി പ്രയോഗിച്ചത്. ഈ സമയം 136 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്.