ബുദ്ധന്റെ ആശയങ്ങൾ കൊണ്ട് യാതൊരു ഗുണവുമില്ല: മോദിയെ തിരുത്തി വിവാദ ഹിന്ദുത്വ നേതാവ് സംഭാജി ഭിഡെ

single-img
30 September 2019

ശ്രീബുദ്ധന്റെ ആശയങ്ങൾ കൊണ്ട് ലോകത്തിന് ഒരു ഗുണവുമുണ്ടായിട്ടില്ലെന്ന് വിവാദ ഹിന്ദുത്വ നേതാവ് സംഭാജി ഭിഡെ. ബുദ്ധനെയാണ് ലോകത്തിന് ഇന്ത്യ നല്‍കിയതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടായിരുന്നു ഭിഡെയുടെ വിവാദ പരാമർശം.

യുദ്ധമല്ല, ബുദ്ധനെയാണ് ഇന്ത്യ ലോകത്തിന് നല്‍കിയതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. ബുദ്ധന്‍റെ ആശയങ്ങള്‍ ഗുണമില്ലാത്തതാണ്. ശിവ് ജയന്തി സംഘടിപ്പിക്കുന്നതിലൂടെ മഹാരാഷ്ട്രക്കാര്‍  പ്രധാനമന്ത്രിയുടെ തെറ്റ് തിരുത്തും.

സംഭാജി പറഞ്ഞു.

മറാത്തി മഹാരാജാവായിരുന്ന ഛത്രപതി ശിവജിയുടെയും അദ്ദേഹത്തിന്‍റെ മകന്‍റെയും ആശയമാണ് ലോകത്തിന് സമാധാനമുണ്ടാകാനുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.
സാംഗ്ലിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സംഭാജി.

ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ മോദി നടത്തിയ പരാമർശമാണ് സംഭാജിയെ ചൊടിപ്പിച്ചത്. ഇന്ത്യ ലോകത്തിന് നൽകിയത് യുദ്ധത്തിന്റെയല്ല മറിച്ച് ബുദ്ധന്റെ സമാ‍ധാനത്തിന്റെ സന്ദേശമാണെന്നായിരുന്നു മോദിയുടെ പ്രസ്താ‍വന.

ഭീമ കൊറെഗാവിൽ ദളിതർക്ക് നേരെ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിലെ സൂത്രധാരനെന്നാരോപിക്കപ്പെടുന്ന സംഭാജി ഭിഡെ മുൻ ആർഎസ്എസ് നേതാവാണ്. എന്നാൽ 1980കളിൽ ആർഎസ്എസ് വിട്ട സംഭാജി ശിവ് പ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ (Shiv Pratishthan Hindustan) എന്ന സംഘടന രൂപീകരിക്കുകയായിരുന്നു.