പെരിയ ഇരട്ട കൊലപാതകം നേതൃത്വത്തിന്റെ അറിവോടെ; മുഖ്യമന്ത്രി ഉടനടി രാജി വെക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
30 September 2019

പെരിയ ഇരട്ട കൊലപാതക കേസ് അന്വേഷണ അട്ടിമറിയിലൂടെ കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകത്തിന്റെ അന്വേഷണം അട്ടിമറിക്കുന്നതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സിപിഎമ്മിന്റെ നേതൃത്വത്തിന്റെ അറിവോടെ നടപ്പാക്കിയ പെരിയയിലെ ഇരട്ടക്കൊലപാതകക്കേസ് അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ട് തയാറാക്കിയ കുറ്റപത്രം ഹൈക്കോടതി അപ്പാടെ റദ്ദാക്കുകയാണ് ചെയ്തത് . ഇതിൽ പൂര്‍ണ്ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമാണ്.

ഹൈക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയാല്‍ ഈ കേസില്‍ സിപിഎമ്മിനുള്ള ബന്ധം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹൈക്കോടതി നടത്തിയ നിരീക്ഷണം തന്നെ സിപിഎമ്മിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്തരത്തിൽ കുറ്റപത്രത്തിനെതിരേ ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനം സമീപകാലത്ത് ഉണ്ടായിട്ടില്ല.- മുല്ലപ്പള്ളി പറഞ്ഞു.

ക്രൈം ബ്രാഞ്ച് തയ്യാറാക്കിയ ഈ കുറ്റപത്രവുമായി കോടതിയില്‍ ചെന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം, തികച്ചും രാഷ്ട്രീയമായാണ് കുറ്റപത്രം തയാറാക്കിയതെന്ന് വ്യക്തമാക്കുന്നു. പെരിയയിലെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തോടെ നടത്തിയ കൊലപാതകമെന്ന് എഫ്ഐആറില്‍ ഉണ്ടായിരുന്നത് പക്ഷെ ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ വ്യക്തിവൈരാഗ്യം എന്നായി.

സിപിഎം വളരെ കൃത്യമായി ആസൂത്രണം നടത്തിയ കൊലപാതകത്തില്‍ നിന്ന് പ്രതികളെ രക്ഷിക്കാന്‍ പോലീസ് കുറ്റവാളികളേക്കാള്‍ മികച്ച ആസൂത്രണം നടത്തിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.