പാലായിലെ ജയം വട്ടിയൂർക്കാവിൽ ആവർത്തിക്കാമെന്ന് കരുതേണ്ട; ഇടത് മുന്നണിക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

single-img
30 September 2019

പാലായിൽ പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിനെ സ്നേഹിക്കുന്ന ജനങ്ങൾ നൽകിയ താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയെ തോൽപിക്കുകയല്ല താക്കീത് നൽകുകയാണ് ജനങ്ങൾ ചെയ്തതെന്ന് വിശദീകരിച്ച ചെന്നിത്തല പാലായിൽ നേടിയ വിജയം വട്ടിയൂർക്കാവിൽ ആവർത്തിക്കാമെന്ന് കരുതേണ്ടെന്ന് ഇടത് മുന്നണിക്ക് മുന്നറിയിപ്പ് നൽകി.

അതേപോലെ, യുഡിഎഫിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർ യുഡിഎഫിൽ ഉണ്ടാകില്ലെന്ന് പറഞ്ഞ ചെന്നിത്തല , ചക്ക വീണപ്പോൾ മുയല് ചത്തത് പോലെയാണ് പാലായിലെ എൽഡിഎഫ് വിജയമെന്ന് സൂചിപ്പിച്ചു.പാലായിലെ ജയത്തിൽ അമിതാഹ്ളാദം വേണ്ടെന്ന് വട്ടിയൂർക്കാവിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ചെന്നിത്തല പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിധിയിൽ നിലവിൽ ബിജെപിയുടെ നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട ചെന്നിത്തല കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കോടതിവിധി മറികടക്കാനുള്ള നിയമനിർമ്മാണമാണ് ആദ്യം ചെയ്യുകയെന്നും പ്രസ്താവിച്ചു. കേരളത്തിലെ ചില സീറ്റുകളിൽ ബിജെപിയും സിപിഎമ്മും തമ്മിൽ വോട്ട് കച്ചവടം നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതിന്റെ തെളിവാണ് വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മാറി സുരേഷ് ബിജെപി സ്ഥനാർത്ഥിയായത് എന്ന് ചെന്നിത്തല പറയുന്നു. യുഡിഎഫിന്റെ മോഹൻ കുമാർ സ്ഥാനാർത്ഥിയായതോടെ കുമ്മനത്തിന്‍റെ താടി വിറച്ചുവെന്നും ചെന്നിത്തല പരിഹസിച്ചു.