മരട് ഫ്‌ളാറ്റ് പൊളിക്കുന്ന വിഷയം; സ്വമേധയാ ഒഴിഞ്ഞുപോകാന്‍ തയ്യാറായി ഫ്‌ളാറ്റുടമകള്‍

single-img
30 September 2019

കൊച്ചി: മരട് ഫ്‌ളാറ്റുകളിലെ താമസക്കാര്‍ സ്വയം ഒഴിയുന്നു. കോടതി ഉത്തരവായതിനാല്‍ പ്രതിഷേധങ്ങള്‍ക്കില്ലെന്നും,
സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് മൂന്നാം തീയതിക്കു മുന്‍പ് ഒഴിയാന്‍ ശ്രമിക്കുമെന്നും ഫ്‌ളാറ്റുടമകള്‍ പറഞ്ഞു. തീര പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റു സമുച്ചയങ്ങള്‍ പൊളിക്കാനാണ് സുപ്രീം കോടതി ഉത്തരവ്.

ഞായറാഴ്ച രാവിലെ ഫ്‌ളാറ്റുടമകള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കണം, പകരം കണ്ടെത്തിയിട്ടുള്ള താമസസ്ഥലങ്ങള്‍ മികച്ചതാണെന്ന് ഉറപ്പാക്കണം, നഷ്ടപരിഹാരം ലഭിക്കുന്നതുവരെ വാടക സര്‍ക്കാര്‍ നല്‍കണം, ഒഴിഞ്ഞുപോകാന്‍ കൂടുതല്‍ സമയം നല്‍കണം, ഇറങ്ങും മുമ്പ് ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ നല്‍കണം, ഇറങ്ങിപ്പോകും വരെ വൈദ്യുതിയും വെള്ളവും നല്‍കണം എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യങ്ങള്‍.

പകരം കണ്ടെത്തിയ 510 ഫ്‌ലാറ്റുകള്‍ മികച്ചതാണെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്. വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ചു. വാടക അഡ്വാന്‍സ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ വീതം നല്‍കണമെന്ന് സമരക്കാര്‍ കളക്ടറോട് ആവശ്യപ്പെട്ടെങ്കിലും ഉറപ്പൊന്നും നല്‍കിയില്ല. പ്രതിമാസ വാടക താമസക്കാര്‍തന്നെ നല്‍കും. സാധനങ്ങള്‍ കൊണ്ടുപോകുന്ന വണ്ടികളുടെ ചെലവ് വഹിക്കുന്ന കാര്യം പരിഗണിക്കാമെന്ന് അധികൃതര്‍ പറഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.

സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്ന ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം നല്‍കാന്‍ സര്‍ക്കാരിന് കത്തെഴുതുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എം. സ്വരാജ് എം.എല്‍.എ. പറഞ്ഞു. കോടതിവിധിയെ പൂര്‍ണമായും മാനിക്കുന്നതിനാല്‍ സ്വയം ഒഴിഞ്ഞുപോകുകയാണെന്ന് ഫ്‌ളാറ്റുടമകളുടെ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന തിരുത്തല്‍ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു.