കര്‍ത്താര്‍പ്പൂര്‍ ഇടനാഴി; ഉദ്ഘാടനത്തിനായുള്ള പാകിസ്താന്‍ ക്ഷണം മന്‍മോഹന്‍സിംഗ് നിരസിച്ചു

single-img
30 September 2019

സിഖ് മതവിശ്വാസികള്‍ക്കായുള്ള തീര്‍ത്ഥാടനപാതയായ കര്‍ത്താര്‍പ്പൂര്‍ ഇടനാഴി ഉദ്ഘാടനത്തിനായുള്ള പാകിസ്താന്‍ ക്ഷണം മന്‍മോഹന്‍സിംഗ് നിരസിച്ചു. ഇടനാഴിയുടെ ഉദ്ഘാടനത്തിനുള്ള പാക് ക്ഷണം മന്‍മോഹന്‍ സിംഗ് സ്വീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തം അറിയിച്ചതായി എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താന്റെ വിദേശകാര്യമന്ത്രിയായ ഷാ മുഹമ്മദ് ഖുറേഷിയാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍സിംഗിനെ ക്ഷണിച്ചത്.

മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗ് ഇന്ത്യയിലെയും പാകിസ്താനിലെയും സിഖ് മതവിശ്വാസികള്‍ക്കിടയില്‍ ബഹുമാന്യനായ വ്യക്തിയായതിനാലാണ് ക്ഷണം എന്നാണ് ഖുറേഷി അറിയിച്ചത്പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാതെ മന്‍മോഹന്‍സിംഗിനെ ക്ഷണിച്ച പാക് നടപടി നേരത്തെ ചര്‍ച്ചയായിരുന്നു. നവംബര്‍ മാസം 9നാണ് കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്.

പാകിസ്താനിലെ പഞ്ചാബിലെ സിഖ് പുണ്യസ്ഥലമായ ഗുരുദ്വാരയെയും ഇന്ത്യയിലെ പഞ്ചാബിലെ സിഖ് പുണ്യസ്ഥലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണ് കര്‍ത്താര്‍പ്പൂര്‍ ഇടനാഴി. ഈ ഇടനാഴി വരുന്നതോടെ ഇന്ത്യയിലെ സിഖ് മതസ്ഥര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് സന്ദര്‍ശനം നടത്താനാവും.