കാശ്മീരില്‍ കണ്ടത് ഇന്ത്യയുടെ ആക്രമണവും അധിനിവേശവും; യുഎന്നില്‍ മലേഷ്യന്‍ പ്രധാനമന്ത്രി

single-img
30 September 2019

ഇന്ത്യ കാശ്മീരില്‍ സ്വീകരിച്ച പ്രത്യേക പദവി റദ്ദാക്കല്‍ നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. ഇന്ത്യയുടെ നടപടികള്‍ക്ക് ഇന്ത്യയ്ക്ക് കാരണങ്ങളുണ്ടാകാമെന്നും എന്നാല്‍ ആ കാരണങ്ങള്‍ എല്ലാം ഇപ്പോഴും തെറ്റാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയില്‍ സംസാരിക്കവേയായിരുന്നു ഇന്ത്യയുടെ കാശ്മീര്‍ നിലപാടിനെതിരെ അദ്ദേഹം രംഗത്തെത്തിയത്.

കാശ്മീരില്‍ കാണാന്‍ സാധിച്ചത് ഇന്ത്യയുടെ ആക്രമണവും അധിനിവേശവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, പാകിസ്താനുമായി സംസാരിച്ച് വിഷയത്തില്‍ പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ക്കിടയിലും ജമ്മു കാശ്മീര്‍ പിടിച്ചടക്കാന്‍ ഇന്ത്യ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിഇന്ത്യയുടെ ഈ പ്രവൃത്തി ഐക്യരാഷ്ട്രസഭയെയും നിയമവാഴ്ചയെയും അവഗണിക്കുന്നതിലേക്ക് മറ്റുള്ളവരെ നയിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇതോടൊപ്പം തന്നെ , അധിനിവേശത്തിലൂടെയല്ലാതെ ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്ന് മോദിയോട് താന്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള സാഹചര്യത്തെ കുറിച്ച് മോദി സംസാരിച്ചെന്നും മലേഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞു. കാശ്മീരില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മധ്യസ്ഥതയ്ക്കുള്ള എല്ലാ സാധ്യതകളും ഇന്ത്യ നിരസിച്ചു. വിചാരിച്ചാല്‍ ഇരുരാജ്യങ്ങള്‍ക്കും ഉഭയകക്ഷി ചര്‍ച്ച നടത്താനും പരിഹാരം കണ്ടെത്താനും കഴിയുമായിരുന്നു.

മുന്‍കാലങ്ങളില്‍ ഇന്ത്യ ബംഗ്ലാദേശുമായും മറ്റുള്ളവരുമായുള്ള പ്രശ്‌നങ്ങള്‍ അടക്കം ചര്‍ച്ചകളിലൂടെ പരിഹരിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തിയിരുന്നു. സംഘര്‍ഷ സാധ്യത ഇല്ലാതാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നേരത്തെയും ഇന്ത്യ നടത്തിയിട്ടുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. പക്ഷെ ഇപ്പോള്‍ കാശ്മീരിന്റെ കാര്യത്തില്‍ അത്തരമൊരു നടപടിക്ക് ഇന്ത്യ തയ്യാറാകുന്നില്ല.- അദ്ദേഹം പറഞ്ഞു.