രാഷ്ട്രപതിക്ക് ഇന്ത്യൻ ഭരണഘടനയുടെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ അധികാരമില്ല; കാശ്മീർ വിഷയത്തിൽ തരിഗാമി സുപ്രീംകോടതിയിൽ

single-img
30 September 2019

കേന്ദ്രസർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത നടപടിയുടെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്യുന്ന റിട്ട് ഹരജിയുമായി സിപിഎം നേതാവും സംസ്ഥാനത്തെ മുൻ എംഎൽഎയുമായ മൊഹമ്മദ് യൂസുഫ് തരിഗാമി സുപ്രീംകോടതിയിൽ. ഇന്ത്യൻ രാഷ്ട്രപതിക്ക് ആർട്ടിക്കിൾ 370 ഉത്തരവിലൂടെ നീക്കം ചെയ്യാനോ, ആർട്ടിക്കിൾ 367ലേക്ക് പുതിയതായി വ്യവസ്ഥകൾ കൂട്ടിച്ചേർക്കാനോ മാറ്റാനോ അധികാരമില്ലെന്ന് തരിഗാമി പറയുന്നു.

രാഷ്ട്രപതി ഒരിക്കൽ തന്റെ ഉത്തരവിൽ ഭരണഘടനയിലെ ആർട്ടിക്കിൾ 367ലെ ‘Constituent Assembly of J&K’ എന്നത് ‘Legislative Assembly of J&K’ എന്ന് മാറ്റിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ കാര്യത്തിൽ ഇത്തരത്തിൽ നേരിട്ടുള്ള രാഷ്ട്രപതി ഉത്തരവിലൂടെ ഭേദഗതി വരുത്താന്‍ സാധിക്കില്ലെന്ന് തരിഗാമി ചൂണ്ടിക്കാട്ടുന്നു.

അതേപോലെ തന്നെ സംസ്ഥാനം പ്രസിഡണ്ട് ഭരണത്തിലുള്ള സന്ദർഭത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടികളെല്ലാമുണ്ടായത്. ഭരണഘടനയിൽ പറയുന്ന പ്രകാരം പ്രസിഡണ്ട് ഭരണത്തിലിരിക്കുമ്പോൾ ഇതുപോലുള്ള നടപടികൾക്ക് സാധുതയില്ലെന്നും തരിഗാമി വാദിക്കുന്നു.

കാശ്മീരിൽ രാഷ്ട്രപതിഭരണം നിലനിൽക്കെ ആർ‌ട്ടിക്കിൾ 356(1) പ്രകാരം രാഷ്ട്രപതിക്ക് ഇന്ത്യൻ ഭരണഘടനയുടെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ അധികാരമില്ല.- പ്രസിഡണ്ടിന്റെഭരണത്തിൽ സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും തരിഗാമി പറയുന്നുണ്ട്.