ഗുസ്തി താരങ്ങളായ യോഗേശ്വര്‍ ദത്തും ബബിത ഫോഗട്ടും ലിസ്റ്റില്‍; ഹരിയാനയിലെ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി

single-img
30 September 2019

ഹരിയാനയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 78 പേരാണ് ഈ പട്ടികയിലുള്ളത്. സമീപ കാലത്ത് ബിജെപിയില്‍ ചേര്‍ന്ന ഗുസ്തി താരങ്ങളായ യോഗേശ്വര്‍ ദത്തിനും ബബിത ഫോഗട്ടിനും ഇന്ത്യന്‍ മുന്‍ നായകന്‍ സന്ദീപ് സിങ്ങിനും മത്സരിക്കാന്‍ അവസരം ലഭിച്ചു.

സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ 2014ല്‍ ജയിച്ച കര്‍ണാല്‍ സീറ്റില്‍ തന്നെ മത്സരിക്കും. അതേസമയം യോഗേശ്വര്‍ ദത്ത് ബറോഡയിലും ബബിത ഫോഗട്ട് ദാദ്രിയില്‍ നിന്നും സന്ദീപ് സിങ് പെഹോവയില്‍ നിന്നും മത്സരിക്കും.രണ്ട് മുസ്‌ലിം മതത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളും ഒമ്പത് വനിതകളും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. നിലവിലെ 38 എംഎല്‍എമാര്‍ക്ക് വീണ്ടും സീറ്റ് നല്‍കിയിട്ടുണ്ട്. അതേസമയം ഏഴ് പേരെ ഒഴിവാക്കിയെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു.

ഹരിയാന നിയമസഭയില്‍ 90 സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 47 സീറ്റുകളാണ് നേടിയിരുന്നത്. പിന്നാലെ കോണ്‍ഗ്രസ് 15, ഐഎന്‍എല്‍ഡി 19, മറ്റുള്ള സീറ്റുകളില്‍ ചെറു കക്ഷികളുമാണ് വിജയിച്ചിരുന്നത്.