നൃത്തം ചെയ്തു ട്രാഫിക് ബോധവല്‍ക്കരണവുമായി ഗുജാറാത്തിലെ നൃത്തകര്‍; കയ്യടിച്ചു സോഷ്യല്‍ മീഡിയ

single-img
30 September 2019

സൂറത്ത്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നൃത്തം ചെയ്ത് ട്രാഫിക് ബോധവല്‍ക്കരണവുമായി ഗുജറാത്തിലെ ഒരുസംഘം നര്‍ത്തകര്‍. ഗുജറാത്തിലെ സൂറത്തില്‍ നടന്ന ഗര്‍ബ നൃത്തത്തിനിടയിലാണ് ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണവുമായി ഒരു സംഘം നര്‍ത്തകര്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ബോധവല്‍ക്കരണ വീഡിയോ വൈറലായി കഴിഞ്ഞു.

സൂറത്തിലെ വി ആര്‍ മാളില്‍ നടന്ന പരിപാടിയിലാണ് കാണികള്‍ക്കിടയിലേയ്ക്ക് ഹെല്‍മറ്റ് ധരിച്ച ഒരു സംഘം നര്‍ത്തകര്‍ എത്തിയത്.സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും ഹെല്‍മറ്റ് ധരിച്ചെത്തിയതോടെ കാണികളും ആകാംക്ഷഭരിതരായി.

ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് ഹെല്‍മറ്റും സീറ്റുബെല്‍റ്റും ധരിച്ചാല്‍ അടുത്ത ഉത്സവസീസണിലും നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കുമെന്നായിരുന്നു നര്‍ത്തകര്‍ നല്‍കിയ സന്ദേശം. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കുന്നത് വാഹനമോടിക്കുന്നവരുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണെന്നും നര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

റോഡപകടങ്ങള്‍ കൂടിയിട്ടും നിത്യേന റോഡില്‍ പൊലിയുന്ന ജീവനുകള്‍ അവഗണിച്ച് വീണ്ടും നിയമം ലംഘിക്കുകയാണ് ആളുകളെന്നും നര്‍ത്തകര്‍ പറഞ്ഞു.