ബിഹാറിലെ പ്രളയം; മലയാളി കുടുംബങ്ങളെ രക്ഷപെടുത്തി

single-img
30 September 2019

ബിഹാറിലെ പ്രളയത്തിൽ കുടുങ്ങിപ്പോയ മലയാളി കുടുംബങ്ങളെ രക്ഷപെടുത്തി. കനത്ത പ്രളയത്തിൽ രാജേന്ദ്ര നഗറിൽ കുടുങ്ങിയ പത്തോളം കുടുംബങ്ങളെയാണ് രക്ഷപ്പെടുത്തിയത്. ഇവരുടെ രക്ഷയ്ക്കായി ദില്ലിയിലെ നോർക്ക അധികൃതരും കേരളാ സർക്കാരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിഹാർ സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. അതോടൊപ്പം ബിഹാറിലെ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് കേരളം ബിഹാര്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു

നിലവിൽ ഇവിടെ മലയാളികൾ ഉൾപ്പടെയുള്ള 25,000 ത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്തെ പല മന്ത്രിമാരുടെ വീടുകളും വെള്ളത്തിൽ മുങ്ങി. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീൽ കുമാര്‍ മോദിയെയും കുടുംബത്തെയും ദുരന്തനിവാരണ സേന എത്തിയാണ് രക്ഷിച്ചത്. ബീഹാറിലും യുപിയിലും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 129 പേര്‍ മരിച്ചു.യുപിയിലെയും ബിഹാറിലെയും അധികൃതരുമായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി , തുടങ്ങിയവര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

ബിഹാർ പട്നയിലെ രാജേന്ദ്ര നഗറിൽ കുടുങ്ങിയ പത്തനംതിട്ട സ്വദേശികളെ വൈകിട്ടോടെയാണ് ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയത്. ഇതുവരെ സംസ്ഥാനത്താകെ 300 ഓളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി നിതീഷ് കുമാ‍ർ ഹെലികോപ്റ്ററിൽ സന്ദർശിച്ചു. ഗംഗ കര കവിഞ്ഞ് ഒഴുകിയതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. വൈദ്യുതി തടസ്സപ്പെട്ടതിനാല്‍ പലര്‍ക്കും ഫോണിലൂടെ ബന്ധപെടാനാകുന്നില്ല. പല സ്ഥലങ്ങളിലും ഇതുവരെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.