സൗദി ചരിത്രത്തിൽ ആദ്യമായി ടൂറിസ്റ്റ് വിസ അനുവദിക്കുന്നു; വിദേശവനിതകള്‍ക്ക് വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഇളവുകൾ

single-img
29 September 2019

വിദേശികള്‍ക്ക് രാജ്യത്തേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന പ്രഖ്യാപനവുമായി സൗദി. സൗദി അതിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. ഇതോടൊപ്പം വിദേശവനിതകള്‍ക്ക് വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഇളവുകളും അനുവദിച്ചിട്ടുണ്ട്.

പദ്ധതി പ്രകാരം 49 രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് വിസ ഓണ്‍ അറൈവല്‍, ഇ- വിസാ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതാദ്യമായി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് രാജ്യം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് ടൂറിസം മേധാവി അഹമ്മദ് അല്‍ ഖത്തീബ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനെ കുറിച്ച് പ്രതികരിച്ചത്.

പ്രഖ്യാപനത്തിന്റെ പിന്നാലെ ടൂറിസ്റ്റ് വിസയില്‍ രാജ്യത്തെത്തുന്നവര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ചു ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും പൊതു സ്ഥലങ്ങളില്‍വച്ച് ചുംബിക്കുന്നതിനും കര്‍ശന വിലക്കേര്‍പ്പെടുത്തും.

ഇത്തരത്തിലുള്ള നിയമം ലംഘിച്ചാല്‍ അവര്‍ വിദേശികളോ വിനോദ സഞ്ചാരികളോ ആണെങ്കില്‍ പോലും കനത്ത പിഴയീടാക്കാനാണ് തീരുമാനം. മാത്രമല്ല, പിഴയീടാക്കേണ്ട 19 നിയമലംഘനങ്ങളെ കുറിച്ച് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.പക്ഷെ എത്ര രൂപയാണ് പിഴയെന്നതിനെക്കുറിച്ച് പറഞ്ഞിട്ടില്ല.