വട്ടിയൂർക്കാവിൽ കുമ്മനമല്ല; സുരേഷിനായി ത്യാഗം സഹിച്ചും പ്രവർത്തിക്കുമെന്ന് കുമ്മനം

single-img
29 September 2019

ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിക്കാൻ കുമ്മനം രാജശേഖരൻ ഉണ്ടാവില്ല. പകരമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ച് ബിജെപി സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറങ്ങി. പത്തനംതിട്ടയിലെ കോന്നിയിൽ കെ സുരേന്ദ്രൻ മത്സരിക്കും. അരൂരിൽ കെ പി പ്രകാശ് ബാബുവും മത്സരിക്കും. എറണാകുളത്ത് സി ജി രാജഗോപാൽ മത്സരിക്കും. മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങിയ രവീശ തന്ത്രി കുണ്ടാർ തന്നെയാകും സ്ഥാനാർത്ഥി.

അതേസമയം വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിത്വത്തിനായി മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും തന്‍റെ പേരും അയച്ചിരുന്നുവെന്നും എന്നാൽ എന്തുകൊണ്ടാണ് കേന്ദ്രനേതൃത്വം പേര് ഒഴിവാക്കിയതെന്ന് ആലോചിക്കുന്നില്ലെന്നും യുക്തനായ സ്ഥാനാർത്ഥിയാണ് എസ് സുരേഷെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയ ശേഷം പ്രതികരിക്കുകയായിരുന്നു കുമ്മനം.

സംഘടനയുടെ ഏത് തീരുമാനവും അച്ചടക്കത്തോടെ അനുസരിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം കാരണമല്ല തന്നെ വട്ടിയൂർക്കാവിൽ മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയതെന്നും കുമ്മനം വ്യക്തമാക്കി. മത്സരിക്കാൻ ഒരാളെയല്ലേ പാർട്ടിയ്ക്ക് തീരുമാനിക്കാനാകൂ എന്നും സുരേഷിന് വേണ്ടി എന്ത് ത്യാഗം സഹിച്ചും പ്രവർത്തിക്കുമെന്നും കുമ്മനം അറിയിച്ചു.

ഉപതെരഞ്ഞെടുപ്പിലേക്ക് കുമ്മനം രാജശേഖരന്‍റെ പേര് തന്നെയാണ് അവസാനനിമിഷം വരെ വട്ടിയൂർക്കാവിൽ പറഞ്ഞു കേട്ടത്. അദ്ദേഹം ആദ്യം മത്സരിക്കാൻ സമ്മതിച്ചിരുന്നതല്ല. എന്നാൽ ഇവിടെ കുമ്മനം തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒ രാജഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. അങ്ങിനെ ഒടുവിൽ ആർഎസ്എസ് കൂടി ഇടപെട്ടാണ് കുമ്മനം മത്സരിക്കാൻ സമ്മതിച്ചത്.