കാശ്മീർ വിഷയം: നെഹ്റുവിന്‍റേത് ഹിമാലയന്‍ മണ്ടത്തരമെന്ന് അമിത് ഷാ

single-img
29 September 2019

കാശ്മീര്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്റുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കാശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയിലെത്തിച്ചത് ഹിമാലയന്‍ മണ്ടത്തരമായിരുന്നു. നെഹ്റു അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്‍പര്യം മാത്രം മുൻനിർത്തിയാണ് അത് ചെയ്തതെന്നും അമിത് ഷാ പറഞ്ഞു. ഡൽഹിയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അമിത് ഷാ.

ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടാല്‍ 630 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേര്‍ത്തപ്പോള്‍ ജമ്മു കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുക എന്ന ജോലി മാത്രമാണ് നെഹ്റുവിനുണ്ടായിരുന്നത്. പക്ഷെ 2019 ആഗസ്റ്റിലാണ് കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ചും കാശ്മീരിനെക്കുറിച്ചും ഇപ്പോള്‍ പോലും പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. അവയെപ്പറ്റി വിശദമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീരിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഷെയ്ക്ക് അബ്ദുള്ളയെ 11 വര്‍ഷമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ജയിലില്‍ പാര്‍പ്പിച്ചത്. ഇപ്പോൾ വെറും രണ്ട് മാസമായപ്പോള്‍ അവര്‍ ഞങ്ങളെ ചോദ്യം ചെയ്യുകയാണ്. 41,000 പേരാണ് കാശ്മീരില്‍ ഇതുവരെ കൊല്ലപ്പെട്ടത്. അങ്ങിനെ ആലോചിക്കുമ്പോൾ, ടെലിഫോണ്‍ ബന്ധമില്ലാത്തത് മനുഷ്യാവകാശ ലംഘനമല്ല.- അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിച്ചു. 1947 മുതല്‍ കാശ്മീര്‍ ഒരു പ്രശ്നമാണെന്ന് എല്ലവര്‍ക്കും അറിയാം. പക്ഷെ, ചരിത്രം വളച്ചൊടിച്ചാണ് ജനത്തിന് മുന്നില്‍ അവതരിപ്പിച്ചത്. തെറ്റ് ചെയ്തവരാണ് ചരിത്രത്തെ വളച്ചൊടിച്ചത്.ജനങ്ങളുടെ മുന്നില്‍ യഥാര്‍ത്ഥ ചരിത്രം അവതരിപ്പിക്കാനും എഴുതാനും സമയമായെന്നും അമിത് ഷാ വ്യക്തമാക്കി.