വൈദ്യുതി ബന്ധവും വെള്ളവും പുനസ്ഥാപിച്ചു; ഒഴിഞ്ഞുപോകാമെന്ന് മരടിലെ ഫ്‌ളാറ്റ്‌ ഉടമകള്‍

single-img
29 September 2019

ഇന്ന് ജില്ലാ കളക്ടറും സബ്കളക്ടറും നടത്തിയ ചര്‍ച്ചയെ തുടർന്ന് നിരാഹാര സമരം അവസാനിപ്പിക്കാനും ഫ്ളാറ്റുകള്‍ ഒഴിഞ്ഞുപോവാന്‍ തയ്യാറാണെന്നും മരടിലെ ഫ്‌ളാറ്റ് ഉടമകൾ അറിയിച്ചു. എന്നാല്‍ തങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം കിട്ടിയില്ലെങ്കില്‍ വീണ്ടും സമരം തുടരുമെന്നും ഉടമകള്‍ പറഞ്ഞു.

ഇന്ന് നടന്ന ചര്‍ച്ചയില്‍ ഫ്‌ളാറ്റിലേക്കുള്ള വൈദ്യുതി ബന്ധവും വെള്ളവും പുനസ്ഥാപിക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. അവരുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് വൈകീട്ടോടെ വൈദ്യുതി ബന്ധവും വെള്ളവും പുനസ്ഥാപിച്ചു നല്‍കുകയായിരുന്നു. അതേപോലെ, ഫ്ളാറ്റുകള്‍ ഒഴിയേണ്ടിവരുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്നും ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.

ഇവിടെ നിന്നും മാറിത്താമസിക്കുന്നതിനാവശ്യമായ വാടക സര്‍ക്കാര്‍ നല്‍കണമെന്ന് ഫ്ളാറ്റുടമകള്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ട നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കണം, ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കണം, വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കണം,പുതിയ താമസസൗകര്യം എവിടെയാണെന്ന് ബോധ്യപ്പെടുത്തണം,വാടക സര്‍ക്കാര്‍ നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫ്ളാറ്റുടമകള്‍ ഞായറാഴ്ച മുതൽ നിരാഹാര സമരം ആരംഭിച്ചത്.