ഇറാന്‍ മോചിപ്പിച്ച ബ്രീട്ടീഷ് എണ്ണക്കപ്പല്‍ ദുബായ് തീരത്തെത്തി

single-img
29 September 2019

ദുബായ്: ഇറാന്റെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിച്ച ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ദുബായ് തീരത്തെത്തി. സ്റ്റെനാ ഇംപെറോ എന്ന എണ്ണക്കപ്പലാണ് തിരിച്ചെത്തിയത്. ജൂലൈ 19നാണ് ഹോര്‍മുസ് കടലിടുക്കില്‍വെച്ച്‌ രാജ്യാന്തര സമുദ്രനിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച്‌ എണ്ണക്കപ്പല്‍ ഇറാന്‍ സൈന്യം പിടികൂടിയത്. സെപ്റ്റംബര്‍ 27ന് ഇറാന്‍ കപ്പല്‍ മോചിപ്പിച്ചിരുന്നു.

18 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 23 ജീവനക്കാരാണ് കപ്പലില്‍ ഉള്ളത്. മൂന്ന് മലയാളികളും ഇതില്‍ ഉള്‍പ്പെടും.കപ്പല്‍ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും മോചിതരായതിന്‍റെ സന്തോഷത്തിലാ ണെന്നും കപ്പലിന്‍റെ ഉടമസ്ഥരായ സ്റ്റെന ബള്‍ക്കിന്‍റെ സി.ഇ.ഒ എറിക് ഹനെല്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കിയതായും അദ്ദേഹം അറിയിച്ചു.

യൂറോപ്യന്‍ യൂനിയന്‍റെ ഉപരോധം ലംഘിച്ച്‌ സിറിയയിലേക്ക് എണ്ണ കടത്തിയെന്നാരോപിച്ച്‌ ഇറാന്‍റെ ഗ്രേസ് വണ്‍ കപ്പല്‍ ബ്രിട്ടണ്‍ പിടികൂടിയിരുന്നു. ഇതിന് മറുപടിയായാണ് ഇറാന്‍ സ്റ്റെനാ ഇംപറോ പിടിച്ചെടുത്തത്. ഗ്രേസ് വണ്‍ പിന്നീട് അഡ്രിയാന്‍ ഡര്യ എന്ന് പേര് മാറ്റിയ ശേഷം വിട്ടയച്ചിരുന്നു.