ഉപതെരഞ്ഞെടുപ്പ്: യുദ്ധഭൂമിയിലെ ഉത്തരനെപ്പോലെ കുമ്മനം ഒളിച്ചോടി; പരിഹാസവുമായി ചെന്നിത്തല

single-img
29 September 2019

കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്ക് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പിന്നാലെ കുമ്മനം രാജശേഖരനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലസ്ഥാനത്തെ വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ പ്രതീക്ഷിച്ചപോലെ സ്ഥാനാർത്ഥിയാകാത്തതിനെതിരെയാണ് രമേശ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തൽ.

പരാജയപ്പെടുമെന്ന ഭീതി മൂലം യുദ്ധഭൂമിയിലെ ഉത്തരനെപ്പോലെ കുമ്മനം ഒളിച്ചോടിയെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. ഇന്ന് വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ മോഹൻകുമാറിന്റെ റോ‍ഡ് ഷോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. മണ്ഡലത്തിൽ ആദ്യം ബിജെപി സ്ഥാനാർത്ഥായായി കുമ്മനം രാജശേഖരനെ ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാ‍ർത്ഥി മോഹൻകുമാറാണ് എന്നറിഞ്ഞതോടെയാണ് ബിജെപി നിലപാട് മാറ്റിയതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസം.

വട്ടിയൂർക്കാവ് മണ്ഡലത്തെ മുൻപും പ്രതിനിധീകരിച്ച വ്യക്തിയാണ് മോഹൻകുമാ‍‍ർ. ഇപ്പോൾ സ്ഥാനാർത്ഥി മോഹൻകുമാറാണ് എന്നറിഞ്ഞ ബിജെപിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് ബോധ്യപ്പെട്ടു. അതിനാലാണ് കുമ്മനം രാജശേഖരന്റെ ഒളിച്ചോട്ടം, ഇത് മണ്ഡലത്തിൽ യുഡിഎഫ് വലിയ വിജയത്തിലേക്ക് എത്തുമെന്നതിന്റെ സൂചനയാണ് എന്നും ചെന്നിത്തല വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും എതിരായി കണ്ട ജനവികാരം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ആ സമയത്തെ പോലെ യുഡിഎഫ് അനുകൂല വികാരം ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകും. ഈ ഉപതെരഞ്ഞെടുപ്പ് കേരളത്തിൽ രാഷ്ട്രീയ മാറ്റം കുറിക്കുന്നതായിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.