സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യം: പി എസ് ശ്രീധരന്‍ പിള്ള

single-img
29 September 2019

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. കേന്ദ്ര നേതൃത്വത്തിലേക്ക് സംസ്ഥാനനേതൃത്വം അയച്ച പട്ടികയിലുള്ളവരെത്തന്നെയാണ് മല്‍സരിപ്പിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേയ്ക്ക് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നാണ് തയ്യാറായത്.

വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ്, കോന്നിയില്‍ കെ സുരേന്ദ്രന്‍, അരൂരില്‍ കെ. പി പ്രകാശ് ബാബു , എറണാകുളത്ത് സി.ജി രാജഗോപാല്‍, മഞ്ചേശ്വരത്ത് രവിശ തന്ത്രി എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരനും അറിയിച്ചിരുന്നു. മഞ്ചേശ്വരത്തും പ്രവര്‍ത്തകര്‍ രവിശ തന്ത്രിക്കെതിരാണ്. അവിടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്ന സ്ഥിതിയും ഉണ്ടായി.