തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് ഭീഷണിയായി പക്ഷി ശല്യം

single-img
29 September 2019

തൃശ്ശൂര്‍: തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷികളുടെ ശല്യം രൂക്ഷമായി വിമാനങ്ങള്‍ക്ക് ഭീഷണിയാകുന്നു. പക്ഷികളെത്തുന്നതിന്റെ പ്രധാനകാരണം എലികളും ആഫ്രിക്കന്‍ ഒച്ചുമാണെന്ന്‌ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ കണ്ടെത്തി.

വിമാനത്താവളത്തിന്റെ ചുറ്റുപാടും തള്ളുന്ന അറവ് അവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങളാണ് പക്ഷികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. 10 കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍തോതിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്. ഇതാണ് ഇവിടെ പരുന്തുകളുടെ ശല്യം കൂടാന്‍ കാരണം. മാലിന്യത്തിനൊപ്പം എലികളും പെരുകുന്നുണ്ട്. ഇവയെ പിടികൂടാനായി വെള്ളമൂങ്ങകളും കൂട്ടത്തോടെ എത്താറുണ്ട്.

ഇത് കൂടാതെ മതിലിനുവെളിയിലുള്ള എഫ്സിഐ ഗോഡൗണില്‍നിന്ന് റണ്‍വേയിലേക്ക് പ്രാവുകളെത്താറുണ്ട്. ഇതും
വിമാനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. മഴക്കാലമായാല്‍ ഉള്ളിലെത്തുന്ന ആഫ്രിക്കന്‍ഒച്ചുകളെ തേടി കൊക്കുകള്‍ എത്തുന്നതും വിമാനങ്ങള്‍ക്ക് ഭീഷണിയാവുന്നു. പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിന്റെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

വിമാനം പൊങ്ങുമ്പോഴും താഴുമ്പോഴും പക്ഷികള്‍ ഇടിച്ചാല്‍ വലിയ പ്രശ്നങ്ങളാണുണ്ടാവുക. എന്‍ജിന്‍ ഭാഗത്താണ് പക്ഷി ഇടിക്കുന്നതെങ്കില്‍ അവയെ വലിച്ച് ഉള്ളിലേക്ക് കയറ്റും. ഇതോടെ എന്‍ജിന്‍തകരാര്‍ ഉണ്ടാവാം. ഇങ്ങനെ തീപിടിത്തംവരെ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.