വിജെ ജെയിംസിന്റെ ‘നിരീശ്വര’ന് ഇക്കൊല്ലത്തെ വയലാർ പുരസ്കാരം

single-img
28 September 2019

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്കാരം വി.ജെ. ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഏകകണ്ഠമായാണ് ജയിംസിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ജൂറി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തവണ അവാര്‍ഡ് നല്‍കുന്നതിനെ ചൊല്ലി സമിതിയില്‍ നിരവധി തര്‍ക്കങ്ങളാണ് ഉടലെടുത്തത്. അവസാനഘട്ടത്തിലെത്തിയ കൃതികളെ ഒഴിവാക്കി പുറത്തുള്ള കൃതിക്ക് അവാര്‍ഡു നല്‍കാന്‍ പല കേന്ദ്രങ്ങളില്‍ നിന്നു സമ്മര്‍ദം വന്നെന്നും ചൂണ്ടിക്കാട്ടി വി.കെ. സാനു സമിതിയില്‍ നിന്നു രാജിവച്ചിരുന്നു.

എഴുത്തിനെ ഉപാസിക്കുക മാത്രമാണ് തന്റെ കര്‍ത്തവ്യമെന്നും വിവാദങ്ങള്‍ ബാധിക്കില്ലെന്നും അവാര്‍ഡ് വിവരം അറിഞ്ഞതിന് ശേഷം വി.ജെ ജെയിംസ് പ്രതികരിച്ചു.

വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് 1977 മുതല്‍ നല്‍കിവരുന്നതാണ് വയലാര്‍ അവാര്‍ഡ്.