കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥി

single-img
28 September 2019

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മത്സരിക്കും.ഇക്കാര്യം ബിജെപിയുടെ മുതിർന്ന നേതാവും നേമം എംഎൽഎയുമായ ഒ രാജഗോപാലാണ് അറിയിച്ചത്. സ്ഥാനാർത്ഥികളെ പരിഗണിക്കുമ്പോള്‍ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച കുമ്മനത്തെ തന്നെ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.

വട്ടിയൂക്കാവില്‍ കുമ്മനം മത്സരിക്കുമെന്ന് തനിക്ക് ഉറപ്പ് നൽകിയതായി ഒ രാജഗോപാൽ പറഞ്ഞു. ‘കുമ്മനം ഇക്കാര്യത്തിൽ സമ്മതമറിയിച്ച് കഴിഞ്ഞു. ഇനി പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയേ വേണ്ടൂ. നാളെ മുതൽ കുമ്മനം മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങും”, ഒ രാജഗോപാൽ പറഞ്ഞു

അതേസമയം ബിജെപിക്കായി കുമ്മനം മത്സരിക്കുമെന്ന് അറിയിപ്പ് വന്നതോടെ വട്ടിയൂർക്കാവിലെ മത്സരചിത്രം തെളിഞ്ഞിരിക്കുകയാണ്. എതിര്‍ നിരയില്‍ കെ മോഹൻ കുമാറാണ് വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി. തിരുവനന്തപുരം മേയർ വി കെ പ്രശാന്താണ് ഇടത് സ്ഥാനാർത്ഥി. അതിനാല്‍ ഇത്തവണയും ശക്തമായ ത്രികോണ മത്സരമായിരിക്കും വട്ടിയൂർക്കാവിലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.