സാമ്പത്തിക പ്രതിസന്ധി; ജൂണ്‍ പാദത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കടബാധ്യത 88.18 ലക്ഷം കോടി രൂപ

single-img
28 September 2019

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ മൊത്തം കടബാദ്ധ്യതയില്‍ വര്‍ദ്ധനവ്. പുറത്തുവന്ന കണക്കുകൾ പ്രകാരം ജൂണ്‍ പാദത്തില്‍ 88.18 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന്റെ മൊത്തം കടബാദ്ധ്യത. എന്നാൽ കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 84.6 കോടി രൂപയായിരുന്നു. വെള്ളിയാഴ്ച കേന്ദ്രധനമന്ത്രാലയംതന്നെ പുറത്തുവിട്ട കണക്കുകളാണിത്.

നടപ്പ്സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 2.22 ലക്ഷം കോടി രൂപ മൂല്യമുള്ള ഡേറ്റിട്ട സെക്യൂരിറ്റികള്‍ കേന്ദ്രം ഇഷ്യൂ ചെയ്തിട്ടുണ്ട്. 2019ല്‍ ഇത് 1.4 ലക്ഷം കോടിയായിരുന്നു. അതേസമയം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാറിന്റെ പൊതുകടം 49 ശതമാനം വര്‍ദ്ധിച്ചതായി എട്ടാമത് സ്റ്റാറ്റസ് പേപ്പര്‍ രേഖകള്‍ വ്യക്തമാക്കിയിരുന്നു.

2018 സെപ്തംബര്‍ വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം കേന്ദ്ര സർക്കാരിന്റെ പൊതുകടം 82 ലക്ഷം കോടിയാണ്. 2014ൽ ഉണ്ടായിരുന്ന 54,90,763 കോടിയില്‍ നിന്നാണ് ഇത്രയും തുക വര്‍ദ്ധിച്ചത് എന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

2018ല്‍ രാജ്യത്തെ ഒരാള്‍ക്ക് 1402 ഡോളര്‍ (100944 രൂപ) കടമാണ് ഉള്ളതെന്ന് കണ്‍ട്രിഎകോണമി ഡോട് കോം കണക്കുകള്‍ ഉദ്ധരിച്ച് പറയുന്നു. അതായത് ഓരോരുത്തരും ഒരു ലക്ഷം രൂപയുടെ കടക്കാരനാണ് എന്നര്‍ത്ഥം. 2008ല്‍ പക്ഷെ ഇത് 781 ഡോളര്‍ (56232 രൂപ) മാത്രമായിരുന്നു. സർക്കാരിന്റെ കടം കൂടിയിട്ടും നിലവിലെ സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മിയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.