ശബരിമലയില്‍ പുതിയ ദര്‍ശന പദ്ധതിയുമായി പോലീസ്; തീര്‍ത്ഥാടനം പൂര്‍ണമായും ഓണ്‍ലൈനാക്കും

single-img
28 September 2019

പത്തനംതിട്ട : ശബരിമലയില്‍ തിരുപ്പതി മോഡല്‍ ദര്‍ശനത്തിനായി പൊലീസ് പദ്ധതി തയ്യാറാക്കുന്നു. ഡിജിറ്റലൈസ്ഡ് പില്‍ഗ്രിം മാനേജ്മെന്റ് സിസ്റ്റമെന്ന പേരില്‍ പൊലീസും ദേവസ്വം ബോര്‍ഡും കെഎസ്ആര്‍ടിസിയും ചേര്‍ന്നാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്.

പോലീസിന്റെ വിർച്ച്വൽ ക്യൂ സംവിധാനം കഴിഞ്ഞ വര്‍ഷംവരെ ഉണ്ടായിരുന്നെങ്കിലും നിരവധി പാളിച്ചകള്‍ ഇതിലുണ്ടായിരുന്നു. ഇത് പരിഹരിച്ചാണ് സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ നേതൃത്വത്തില്‍ പുതിയ സോഫ്റ്റ് വെയര്‍ ഉണ്ടാക്കുന്നത്. ശബരിമല ദര്‍ശനം ഭാവിയില്‍ പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയാക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

ശബരിമല ദര്‍ശനം, താമസം, വഴിപാടുകള്‍, സംഭാവന എന്നിവയെല്ലാം പോലീസിന്റെ പുതിയ സൈറ്റു വഴി ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴി തീര്‍ത്ഥാടനം ബുക്ക് ചെയ്യുന്ന ഒരാള്‍ക്ക് നിലയക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എത്തിചേരുന്ന സമയം മുന്‍കൂട്ടി നിശ്ചയിക്കും.