ക്യു ആർ കോഡ് ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റ്; പുതിയ സംവിധാനവുമായി ഇന്ത്യൻ റെയില്‍വേ

single-img
28 September 2019

ക്യു ആർ കോഡ് ഉപയോഗിച്ചുകൊണ്ട് ട്രെയിൻ ടിക്കറ്റ് എടുക്കാനുള്ള സംവിധാനവുമായി ഇന്ത്യൻ റെയിൽവേ. കൗണ്ടറിന്റെ മുൻപിൽ വരിനിൽക്കാതെ റെയിൽവേ സ്റ്റേഷനിൽ വച്ചുതന്നെ മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റ് എടുക്കാനുള്ള ഈ സംവിധാനം വടക്ക് പടിഞ്ഞാറൻ റെയിൽവേയാണ് ആദ്യമായി നടപ്പാക്കുന്നത്.

ഇതിന് മുൻപ്‌വരെ റെയില്‍വെ സ്‌റ്റേഷന്റെ 30 മുതല്‍ 50വരെ മീറ്റര്‍ അകലെ നിന്നുവേണമായിരുന്നു യുടിഎസ് ആപ്പുവഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍. പക്ഷെ പുതിയ സംവിധാനംവഴി സ്റ്റേഷനില്‍നിന്നുതന്നെ റിസര്‍വ് ചെയ്യാത്ത ടിക്കറ്റ് എടുക്കാം. ആദ്യം ബുക്ക് ടിക്കറ്റ് മെനുവിൽ ക്ലിക്ക് ചെയ്ത് ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ പുറപ്പെടുന്ന സ്റ്റേഷന്റെ പേര് വ്യക്തമാവും.

ശേഷം യാത്രക്കാരന് പോകേണ്ട സ്റ്റേഷന്റെ പേര് നൽകി പണമടച്ചാൽ ടിക്കറ്റ് എടുക്കുന്ന നടപടി പൂർത്തിയാവും. രാജ്യത്ത് ജെയ്പുർ, അജ്മീർ, ജോധ്പുർ, ബിക്കാനീർ, അബു റോഡ്, ഉദയ്പുർ സിറ്റി, ദുർഗാപുര, അൾവാർ, റെവേരി, ഗാന്ധിനഗർ തുടങ്ങിയ 12 സ്റ്റേഷനുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്.