ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകരാൻ കാരണം മുഗളന്മാരും ബ്രിട്ടീഷുകാരും: യോഗി ആദിത്യനാഥ്

single-img
28 September 2019

ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥ തകരാൻ കാരണം മുഗളന്മാരും ബ്രിട്ടീഷുകാരുമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗളന്മാർ വരുന്നതിന് മുൻപ് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടപ്പോഴേക്കും അതിന്‍റെ നിഴലിലേക്ക് മാത്രം ഇന്ത്യ ഒതുങ്ങിപോയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മുംബൈയില്‍ നടന്ന വേള്‍ഡ് ഹിന്ദു ഇക്കോണമി ഫോറത്തിലായിരുന്നു യോഗിയുടെ പ്രസംഗം.

ലോകത്തെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്ന സമയത്താണ് മുഗളന്മാര്‍ ഇന്ത്യ ആക്രമിച്ചത്. അവർ ഇവിടേക്ക് വരുമ്പോള്‍ ലോക സമ്പത്തിന്‍റെ മൂന്നില്‍ ഒന്നിലേറെയും ഇന്ത്യയിലായിരുന്നു. ആ കാലത്ത് ലോക സമ്പത്തില്‍ 36 ശതമാനത്തന്‍റെയും അവകാശികള്‍ ഇന്ത്യയായിരുന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ അത് 20 ശതമാനമായി കുറഞ്ഞു. ബ്രിട്ടീഷുകാരുടെ 200 വര്‍ഷത്തെ ഭരണത്തിന് ശേഷം പോകുമ്പോള്‍ വെറും നാല് ശതമാനമായി അത് മാറിയെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.