മരട് ഫ്ലാറ്റ്: ഉടമകൾക്ക് നഷ്ടപരിഹാരം; സുപ്രീംകോടതി മൂന്നംഗ സമിതിക്ക് രൂപം നൽകി

single-img
28 September 2019

മരട് ഫ്‌ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ മൂന്നംഗ സമിതിക്ക് സുപ്രീം കോടതി രൂപം നൽകി സുപ്രീംകോടതിയിലെ റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ നേതൃത്വം നൽകുന്ന സമിതിയിൽ ഒരു സാങ്കേതിക വിദ​ഗ്ദനും ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥനും ഉണ്ടാകും.

ഫ്‌ളാറ്റിൽ താമസിച്ചുവരുന്ന ഉടമകൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം ‌ഉറപ്പാക്കുകയും കിട്ടേണ്ട മൊത്തം തുക സംബന്ധിച്ച പരിശോധനയും സമിതി നടത്തണമെന്ന് സുപ്രീംകോടതി അറിയിച്ചു. നിലവിൽ 343 ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ വീതം തൽക്കാലത്തേക്ക് സർക്കാർ നൽകണമെന്നാണ് സൂപ്രീംകോടതിയുടെ ഉത്തരവ്. ഈ നഷ്ട പരിഹാര തുക ഉടമകൾക്ക് നൽകാനും ബാക്കി എത്ര തുക നൽകണമെന്ന് നിശ്ചയിക്കാനുമാണ് മൂന്നം​ഗ സമിതിക്ക് രൂപം നൽകിയിരിക്കുന്നത്.

അതേസമയം, മരടിൽ ഫ്ലാറ്റ് ഉടമകൾ നാളെ മുതൽ നിരാഹാര സമരം തുടങ്ങുമെന്ന് മരട് ഭവന സംരക്ഷണസമിതി അറിയിച്ചു. തങ്ങൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയാണ് ഫ്ലാറ്റ് ഉടമകൾ സമരം നടത്തുന്നത്. ഫ്‌ളാറ്റുകളിൽ നിന്നും ഒഴിയണമെങ്കിലുള്ള ഉപാധികൾ വച്ച് ഉടമകൾ സർക്കാരിന് കത്ത് നൽകിയിരുന്നു. പക്ഷെ സുപ്രീംകോടതി അറിയിച്ചതു പോലെ തന്നെ ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.