കാശ്മീരില്‍ ഇനി പകല്‍ സമയങ്ങളില്‍ കര്‍ഫ്യൂ ഇല്ല

single-img
28 September 2019

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങള്‍ പതിയെ നീക്കി കേന്ദ്ര സര്‍ക്കാര്‍. പകല്‍സമയത്ത് സംസ്ഥാനത്തെ ഇരുപത്തിരണ്ട് ജില്ലകളിലും കര്‍ഫ്യു പിന്‍വലിച്ചു. ആകെയുള്ള 105 പോലീസ് സ്റ്റേഷന്‍ പരിധിയിലും പകല്‍ പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവില്ല എന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു.

മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഇനിയും തുടരും. തല്‍കാലം വീട്ടുതടങ്കലിലുള്ള നേതാക്കളെ വിട്ടയയ്ക്കാനും തീരുമാനമായിട്ടില്ല. രാത്രി കാലങ്ങളിലും നിയന്ത്രണം തുടരുക തന്നെ ചെയ്യും.

അതേസമയം കശ്മീരിന് പ്രത്യേക അവകാശം നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിന് എതിരെയുള്ള ഹര്‍ജികളില്‍ ഒക്ടോബര്‍ 1ന് വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. വാദം കേള്‍ക്കുന്നത് അഞ്ചംഗ ഭരണഘടന ബെഞ്ചാണ്. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കശ്മീര്‍ ഹര്‍ജികള്‍ പരിഗണിക്കുക.

ജമ്മു കശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കഴിഞ്ഞ ആഗസ്റ്റ് 5 നാണ്. ജമ്മു കശ്മീരിന്റെ വളര്‍ച്ചയ്ക്കല്ല ഭീകരതയുടെ വളര്‍ച്ചയ്ക്കായാണ് 370-ാം വകുപ്പ് ഉപയോഗപ്പെടുത്തിയതെന്നും കശ്മീരിലെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നതെന്നും വ്യക്തമാക്കിയായിരുന്നു കേന്ദ്ര നീക്കം.