ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഖത്തറില്‍ ഇന്ന് കൊടിയേറും

single-img
27 September 2019

ദോഹ ചരിത്രത്തിലാദ്യമായി ഒരു അറബ് ലോകം ആതിഥ്യമരുളുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച ഖത്തറില്‍ കൊടിയേറുന്നു. ഖലീഫ രാജ്യാന്തര സ്‌റ്റേഡിയവും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന ദോഹ കോര്‍ണിഷും പുതിയ ലോക റെക്കോര്‍ഡുകളുടെ വേദിയായി മാറും.

ലോക അ്ത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഉച്ചതിരിഞ്ഞ് ഖലീഫ സ്റ്റേഡിയത്തില്‍ തുടക്കമാവുമെങ്കിലും രാത്രി 11 ന് കോര്‍ണിഷിലാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് രാത്രി 11.59ന് വനിതകളുടെ മാരത്തണിന് കോര്‍ണിഷില്‍ പ്രത്യേകം സജ്ജീകരിച്ച ഫ്‌ലഡ്‌ലിറ്റ് വേദിയില്‍ തുടക്കമാകും. ആദ്യമായാണ് ലോക അത്‌ലറ്റിക്‌സിലെ മാരത്തണ്‍ മത്സരങ്ങള്‍ അര്‍ധരാത്രിയില്‍ കൃത്രിമ വെളിച്ചത്തില്‍ നടക്കുന്നത്. കോര്‍ണിഷിലെ വിവിധ ഇടങ്ങളിലായി കൂറ്റന്‍ സ്‌ക്രിനുകളും സംഘാടകര്‍ സ്ഥാപിച്ചിട്ടുണ്ട്.

ലോക ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ചാമ്പ്യന്‍ഷിപ്പായി ഇത് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത്‌ലറ്റിക്‌സ് മേഖലയിലേക്ക് കടുന്നുവരാന്‍ ഖത്തറിലെയടക്കം ലോകരാജ്യങ്ങളിലെ യുവജനതക്ക് പ്രചോദനമാകുമെന്നും രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ അസോസിയേഷന്‍ പ്രസിഡാന്റ് സെബാസ്റ്റ്യന്‍ കോ പറഞ്ഞു