പൂനെയില്‍ കനത്ത മഴ; 17 മരണം; 16000 പേരെ മാറ്റിപാര്‍പ്പിച്ചു

single-img
27 September 2019

പൂനെ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മതിലിടിഞ്ഞു വീണും മഹാരാഷ്ട്രയിലെ പൂനെയില്‍ 17 മരണം. നിരവധി പേരെ കാണാതായി. 16,000 പേരെ ബാരാമതിയില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ചു. ചൊവ്വാഴ്ച മുതല്‍ കനത്തമഴയും നാശനഷ്ടങ്ങളുമാണ് പൂനെ നേരിടുന്നത്.

വീടുകളുടെ മുകളിലും മരങ്ങളിലും കയറി നിന്ന 16,000ത്തോളം പേരെയാണ് ജില്ലയിലെ വിവിധ മേഖലകളില്‍ നിന്ന് ഒഴിപ്പിച്ചത്. ഇവര്‍ക്കായി 44 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.

കനത്ത കുത്തൊഴുക്കിനെത്തുടര്‍ന്ന് മുംബൈ-ബംഗളുരു ദേശീയ പാതയില്‍ ഉറങ്ങിക്കിടന്നിരുന്ന അഞ്ചുപേര്‍ ഒഴുകിപ്പോയെന്ന് പോലിസ് പറഞ്ഞു. ഇതില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ സമീപത്തെ കിണറില്‍ നിന്ന് കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

നസാരെ ഡാം തുറന്നു വിടുന്നതിനാല്‍ ബാരാമതിയില്‍ നിന്ന് 28,500 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി പൂനെ കളക്ടര്‍ പറഞ്ഞു. അഴുക്കു ചാലുകളിലെ ഒഴുക്കു തടസ്സപ്പെട്ടതാണ് വെള്ളപ്പെക്കത്തിന്ന് കാരണമായതെന്നും അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.