പരാജയകാരണം തമ്മിലടി: തുറന്നടിച്ച് യുഡിഎഫ് നേതാക്കൾ

single-img
27 September 2019

പാലായിലേറ്റ കനത്ത തോൽവിയിൽ രോഷാകുലരായി യുഡിഎഫ് നേതൃത്വം. യുഡിഫിലെ അനൈക്യത്തിന് ജനങ്ങൾ നൽകിയ താക്കീതാണ് പാലാ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് മുന്നണി പരിശോധിക്കും. വരുന്ന ഉപതെരഞ്ഞെടുപ്പുകളെ ഒറ്റക്കെട്ടായി നേരിടുമെന്നും രമേശ് ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.

പി.ജെ.ജോസഫും ജോസ് കെ.മാണിയും തമ്മിലുള്ള തര്‍ക്കം തോല്‍വിക്ക് കാരണമായെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. തര്‍ക്കം പരിഹരിക്കുന്നതിനിടെ പ്രചാരണം നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  യു.ഡി.എഫിനുള്ളിലെ അനൈക്യത്തിന് ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് എം.കെ. മുനീർ. പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടുമെന്നും അദ്ദേഹം കരിപ്പൂരിൽ പറഞ്ഞു.

പാലായിലേത് കെ എം മാണിയുടെ ആത്മാവിന് മുറിവേൽപിക്കുന്ന തോൽവിയാണെന്ന് കെ മുരളീധരൻ എം പി പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്വം യുഡിഫിനല്ല, കേരള കോൺഗ്രസിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണിക്കകത്തെ പാർട്ടികൾ തമ്മിൽ മത്സരം പാടില്ലെന്നായിരുന്നു യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞത്.

തോൽവിക്ക് കാരണം യുഡിഎഫിന്റെ പ്രചാരണത്തിലുണ്ടായ വീഴ്ചയല്ലെന്നും ഗ്രൂപ്പ് തർക്കങ്ങൾ അതിരുവിട്ടാൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളേയും ബാധിക്കുമെന്നും കെ വി തോമസും പ്രതികരിച്ചു.