പാലാ ഇടത്തേക്ക്, ചരിത്ര വിജയം നേടി മാണി സി കാപ്പന്‍; 2943 വോട്ടുകളുടെ ഭൂരിപക്ഷം

single-img
27 September 2019

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. യുഡിഎഫ് കോട്ടകള്‍ എല്ലാം തന്നെ തകര്‍ത്താണ് മാണി സി കാപ്പന്‍ വിജയം നേടിയത്. 2943 വോട്ടിന്റെ ഭൂരിപക്ഷമാണ് കാപ്പന്‍ നേടിയത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം 51,194 വോട്ട് നേടിയപ്പോള്‍ മാണി സി കാപ്പന്‌ 54,137 വോട്ട് ലഭിച്ചു. എന്‍.ഡി എ സ്ഥാനാര്‍ത്ഥി എന്‍.ഹരിക്ക് 18,044 വോട്ടാണ് ലഭിച്ചത്. പാലായുടെ ചരിത്രത്തില്‍ ആദ്യമായാണ് കെ.എം മാണി അല്ലാത്ത ഒരു നേതാവിനെ നിയമസഭയിലേക്ക് എത്തിക്കുന്നത്. 

54 വര്‍ഷത്തെ അടിമത്തത്തില്‍ നിന്ന് പാലായ്ക്ക് മോചനം ലഭിച്ചെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. ജനവിധി അംഗീകരിക്കുന്നുവെന്ന് കേരളാ കോണ്ഡഗ്രസ് നേതാവ് ജോസ് കെ മാണി പ്രതികരിച്ചു. മണ്ഡലത്തില്‍ ബിജെപി വോട്ട് മറിച്ചുവെന്നും ജോസ് കെ മാണി ആരോപിച്ചു.

അതേസമയം ജോസ് കെ.മാണി വിഭാഗത്തിന്റെ വോട്ടാണ് എല്‍.ഡി.എഫിനു മറിഞ്ഞതെന്നു മുതിര്‍ന്ന നേതാവ് പി.ജെ ജോസഫ് ആരോപിച്ചു. എന്നാല്‍ രാമപുരത്ത് ബി.ജെ.പി വോട്ടുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പറഞ്ഞു.