മാണി സി കാപ്പൻ മന്ത്രിയായേക്കും: ശശീന്ദ്രന്റെ സ്ഥാനത്ത് കാപ്പൻ വരുമെന്ന് റിപ്പോർട്ടുകൾ

single-img
27 September 2019

കേരള കോൺഗ്രസിന്റെ ഉരുക്കുകോട്ട തകർത്ത മാണി സി കാപ്പനെ ഇടതുമുന്നണി മന്ത്രിയാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. മാണി സി കാപ്പന്‍ മന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി മുമ്പ് പറഞ്ഞിരുന്നു.

തിര‍ഞ്ഞെടുപ്പ് പ്രചാരണകാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളും ആ പ്രതീതി സൃഷ്ടിച്ചു. എംഎല്‍എമാര്‍ക്കെല്ലാം മന്ത്രിയാകാന്‍ യോഗ്യത ഉണ്ടെന്നും മാണി സി കാപ്പന്‍ ജയിച്ചാല്‍ പാലായ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും കോടിയേരി പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തെ മാറ്റം കോടിയേരി ഇന്ന് തള്ളിയതുമില്ല.

എന്നാല്‍ മന്ത്രിസ്ഥാനം ചര്‍ച്ചയിലില്ല എന്ന് ഫലം പുറത്തുവന്നയുടന്‍ എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഇതോടെ മന്ത്രിസ്ഥാനത്തെച്ചൊല്ലി എൻസിപിയിൽ പടലപ്പിണക്കങ്ങളുണ്ടാകാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

തല്‍ക്കാലം ഇത്തരം ആലോചനകളില്ല എന്നാണ് മാണി സി.കാപ്പന്റെ നിലപാട്. എന്നാല്‍ തോമസ് ചാണ്ടി പക്ഷം വരുംദിവസങ്ങളില്‍ എന്തുനിലപാടെടുക്കും എന്നത് നിര്‍ണായകമാകും.