ചെന്നൈയിൽ ഫ്ലക്സ് വീണ് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന അണ്ണാ ഡിഎംകെ നേതാവ് അറസ്റ്റിൽ

single-img
27 September 2019

ചെന്നൈയില്‍ ഫ്ലക്സ് ബോർഡ് വീണ് യുവതി മരിച്ച സംഭവത്തില്‍ അണ്ണാ ഡിഎംകെ നേതാവ് ജയഗോപാലിനെ തമിഴ്‍നാട് പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങളായി ഒളിവിലായിരുന്ന ജയഗോപാലിനെ കൃഷ്ണഗിരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ജയഗോപാലിന്‍റെ മകന്‍റെ വിവാഹപരസ്യ ബോര്‍ഡ് വീണാണ് സ്കൂട്ടര്‍ യാത്രക്കാരിയായിരുന്ന യുവതി അപകടത്തില്‍പ്പെട്ട് മരിച്ചത്. തുടക്കത്തില്‍ നടപടിയെടുക്കാന്‍ പോലും തയാറാകാതിരുന്ന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പാത്രമായിരുന്നു. തുടര്‍ന്നാണ് നടപടിയെടുത്തത്. മാത്രമല്ല ഹൈക്കോടതി നടത്തിയ രൂക്ഷവിമര്‍ശനത്തിനു പിന്നാലെ ചെന്നൈയില്‍ അനധികൃത ബോര്‍ഡ് നീക്കല്‍ തകൃതിയായി നടക്കുകയാണ്. 

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ജയഗോപാലിന് എതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് മടിക്കുകയാണെന്ന് ശുഭശ്രീയുടെ പിതാവ് കുറ്റപെടുത്തിയിരുന്നു. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്‍റാണ് ശുഭശ്രീയുടെ പിതാവ് രവി. തങ്ങളുടെ ഗതി മറ്റാര്‍ക്കും ഉണ്ടാവരുതെന്നും ഫ്ലക്സുകള്‍ പൂര്‍ണമായും നിരോധിക്കുന്നത് വരെ നിയമപോരാട്ടം തുടരാനുമാണ് കുടുംബത്തിന്‍റെ തീരുമാനം