ത്രിപുരയിൽ നിന്നും ‘ചാണക്യനെ’ ഇറക്കിയിട്ടും പണിപാളി: പാലായിൽ ബിജെപിയ്ക്ക് വൻ തിരിച്ചടി

single-img
27 September 2019

ഉരുക്കുകോട്ട നഷ്ടപ്പെട്ട ദുഃഖത്തിൽ യുഡിഎഫും പാലാ പിടിച്ചടക്കിയ സന്തോഷത്തിൽ എൽഡിഎഫും വാർത്തകളിൽ നിറയുമ്പോൾ പാലായിൽ ശരിക്കും പണികിട്ടിയത് എൻഡിഎയ്ക്കാണ്. കഴിഞ്ഞ തവണത്തെ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7000-ഓളം വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥിയ്ക്ക് പാലായിൽ കുറഞ്ഞത്.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എന്‍. ഹരിക്ക് 24,821 വോട്ട് ലഭിച്ചിരുന്നു. അതേ സ്ഥാനാര്‍ഥിയെ തന്നെ ഇക്കുറി കളത്തിലിറക്കിയപ്പോള്‍ 18,044 വോട്ടുകള്‍ മാത്രമാണു നേടാന്‍ കഴിഞ്ഞത്.

കേരളാ കോൺഗ്രസിന്റെ തട്ടകമായ പാലായിൽ 55 ശതമാനത്തോളം ഹിന്ദുവോട്ടർമാരുണ്ടായിട്ടും ശബരിമല പോലുള്ള വിഷയങ്ങളിലെ ബിജെപിയുടെ പ്രചാരണങ്ങൾ തുണയാകാതിരുന്നത് ബിജെപി ക്യാമ്പിലാകെ നിരാശ പടർത്തിയിട്ടുണ്ട്. സവർണ്ണ ഹിന്ദു വോട്ടുകൾ ഏറെയുള്ളതും ശബരിമലയിൽ നിന്നും അധികം അകലെയല്ലാത്തതുമായ മണ്ഡലമാണ് പാലാ.

പാലായില്‍ പ്രചാരണത്തിനായി ത്രിപുരയില്‍ നിന്ന് സുനില്‍ ദിയോധറിനെ ആയിരുന്നു ബിജെപി ഇറക്കിയത്. ത്രിപുരയിലെ ബിജെപിയുടെ വിജയത്തിന് ചുക്കാൻ പിടിച്ച സുനിൽ ദിയോധറിന്റെ വരവിനെ “ത്രിപുരയിലെ ചാണക്യന്‍“ എന്നമട്ടിലായിരുന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ മാധ്യമമടക്കം സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ്.

വോട്ടുകൾ ചോർന്നത് ബിജെപി അണികൾക്കിടയിലും അസ്വസ്ഥത പടർത്തിയിട്ടുണ്ട്. കേന്ദ്രഭരണവും അതിന്റെ എല്ലാവിധ പിന്തുണകളും കയ്യിലുണ്ടായിട്ടും ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള ഒരു നല്ല നേതാവ് സംസ്ഥാനത്ത് പാർട്ടിയെ നയിക്കാൻ ഇല്ലാത്തതാണ് ഇത്തരം തിരിച്ചടികൾക്ക് കാരണമെന്നാണ് ബിജെപി അനുകൂല സോഷ്യൽ മീഡിയ വൃത്തങ്ങളിലെ വിലയിരുത്തലുകൾ.

പണം വാങ്ങി എന്‍.ഹരി വോട്ട് യുഡിഎഫിനു മറിച്ചുവെന്ന് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ബിനു പുളിക്കക്കണ്ടം വോട്ടെടുപ്പിനു മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ 5000 വോട്ട് യുഡിഎഫിനു നല്‍കാന്‍ ഹരി ധാരണയുണ്ടാക്കിയെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതിനെ തുടര്‍ന്നു ബിനുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു