രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി അംഗങ്ങങ്ങളെ പുറത്താക്കി

single-img
26 September 2019

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് പറഞ്ഞ സാമ്പത്തിക വിദഗ്ധരായ ഷാമിക രവി, രതിന്‍ റോയ് എന്നിവരെ പുറത്താക്കി പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി പുനഃസംഘടിപ്പിച്ചു.നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി അംഗം രതിൻ റോയ്, ബ്രൂക്കിങ്‌സ് ഇൻസ്റ്റിറ്റ്യൂഷൻ അംഗം ഷാമിക രവി എന്നിവര്‍ ശക്തമായി തങ്ങളുടെ അഭിപ്രായം പറഞ്ഞിരുന്നു.

അതേസമയം സമിതി അധ്യക്ഷൻ ബിബേക് ഡെബ്രോയിയും മെമ്പര്‍ സെക്രട്ടറി രതന്‍ വാതലും ഇടക്കാല അംഗം അഷിമ ഗോയലും തുടരും. സമിതിയില്‍ പുതിയ ഇടക്കാല അംഗമായി ജെപി മോര്‍ഗനിലെ സാമ്പത്തിക വിദഗ്ധന്‍ സാജ്ജിദ് ചിനോയിയെ നിയമിച്ചു. സെപ്റ്റംബര്‍ 26 മുതല്‍ നിഇപ്പോള്‍ വന്ന പുതിയ സമിതിയുടെ കാലാവധി രണ്ടുവര്‍ഷമാണ്. മുന്‍പ് അഞ്ച് അംഗങ്ങളുണ്ടായിരുന്ന സമിതിയിൽ പുനസംഘടനയ്ക്കു ശേഷം നാലംഗങ്ങളേയുള്ളൂ.

രാജ്യത്തെ സാമ്പത്തിക രംഗം പ്രതിസന്ധിയിലാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി അംഗങ്ങൾതന്നെ സംസാരിച്ചത് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. രാജ്യം ഇപ്പോള്‍ നിശബ്ദമായൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് ഈ വർഷമാദ്യം രതിൻ റോയ് പറഞ്ഞിരുന്നു.

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും രൂക്ഷമാണെന്ന ഷമിക രവിയുടെ ട്വീറ്റും ചര്‍ച്ചയായിരുന്നു. വലിയ മാന്ദ്യമാണ് രാജ്യം നേരിടുന്നത് എന്നും നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നില ആശങ്കാജനകമാണെന്നും ഷമിക രവി പറഞ്ഞിരുന്നു. അതേപോലെ തന്നെ ഇ-സിഗരറ്റുകള്‍ നിരോധിച്ചതിനെതിരെയും ഷാമിക രവി ട്വീറ്റ് ചെയ്തിരുന്നു. പുകയിലകൊണ്ടുള്ള ഉത്പന്നങ്ങള്‍ നിലനിര്‍ത്തി ഇ-സിഗരറ്റുകള്‍ മാത്രം നിരോധിച്ച തീരുമാനത്തിന് പിന്നില്‍ ആരോഗ്യസംരക്ഷണമാണോ അതോ സാമ്പത്തികകാര്യങ്ങളാണോ എന്നായിരുന്നു അവരുടെ ചോദ്യം.