മരടിലെ ഫ്‌ളാറ്റുകളില്‍ വെളളവും വൈദ്യുതിയും വിച്ഛേദിച്ചു; പ്രതിഷേധവുമായി കുടുംബങ്ങള്‍, ഒക്ടോബര്‍ 11 മുതല്‍ ഫ്ളാറ്റുകള്‍ പൊളിച്ചു തുടങ്ങും

single-img
26 September 2019

കൊച്ചി: സുപ്രീം കോടതി ഉത്തരവനുസരിച്ച്‌ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി ഫ്‌ളാറ്റുകളിലെ വൈദ്യുതിയും വിച്ഛേദിച്ചു. വാട്ടര്‍ അതോറിറ്റി ജലവിതരണവും നിര്‍ത്തിവച്ചു. ഇതിനെതിരെ പ്രതിഷേധവുമായി ഫ്‌ളാറ്റുടമകള്‍ എത്തിയട്ടുണ്ട്. പ്രദേശം മുഴുവനായി പൊലീസ് സുരക്ഷയിലാണ്.

രാവിലെ ആറു മണിയോടെ പോലീസ് സന്നാഹത്തോടെ എത്തിയ കെഎസ്‌ഇബി ഉദ്യോഗസ്ഥരും ജീവനക്കാരുമടങ്ങിയ സംഘമാണ് നോട്ടീസ് പതിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തത്. പിന്നീട് എട്ടരയോടെ കുടിവെള്ള വിതരണം നിര്‍ത്തി.

വൈദ്യുതിബന്ധം വിച്ഛേദിച്ചാല്‍ റാന്തല്‍ സമരവും കുടിവെള്ളം വിച്ഛേദിക്കുകയാണെങ്കില്‍ പട്ടിണിസമരവും നടത്തുമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ നേരത്തെ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 27നകം ഫ്‌ളാറ്റുകളിലെ വൈദ്യുതി ബന്ധവും ജലവിതരണവും നിര്‍ത്തണ മെന്നാവശ്യപ്പെട്ട്‌ കെഎസ്‌ഇബിക്കും വാട്ടര്‍ അതോറിറ്റിക്കും നഗരസഭ നോട്ടീസ് നല്‍കിയിരുന്നു.

സര്‍ക്കാര്‍ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് ഈ മാസം 29 മുതല്‍ ഫ്ലാറ്റിലുള്ളവരെ കുടിയൊഴിപ്പിച്ചു തുടങ്ങും. ഒക്ടോബര്‍ 11 മുതല്‍ ഫ്ളാറ്റുകള്‍ പൊളിച്ചു തുടങ്ങും. തൊണ്ണൂറ് ദിവസം കൊണ്ട് പരിസ്ഥിതിക്ക് പരമാവധി കോട്ടം തട്ടാത്ത രീതിയില്‍ മുഴുവന്‍ ഫ്ളാറ്റുകളും പൊളിച്ചു കളയാനാണ് ലക്ഷ്യമിടുന്നത്.