കർണാടകയിലെ ഒക്ടോബര്‍ 21ന്റെ തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ അനുമതി തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

single-img
26 September 2019

കർണാടകയിൽ പ്രഖ്യാപിച്ച കര്‍ണാടകയിലെ 15 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍. മുൻ സർക്കാരിന്റെ കാലത്തുള്ള വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരായ ഹർജി ഇപ്പോഴും കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണിതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അടുത്ത മാസം 21നായിരുന്നു ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.

സുപ്രീംകോടതിയിൽ ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് 17 വിമത എംഎല്‍എമാരുടെ അയോഗ്യതയ്‌ക്കെതിരായ ഹർജി പരിഗണിക്കുന്നത്. ഇതിൽ തീരുമാനമെടുക്കുമെന്ന് കോടതിയെ അറിയിച്ചപ്പോഴായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്ന കാര്യം പറഞ്ഞത്. കമ്മീഷനുവേണ്ടി ഹാജരായ രാകേഷ് ദ്വിവേദി ‘ കുറച്ചു സമയത്തേക്ക് തെരഞ്ഞെടുപ്പു നീട്ടിവെക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് ആവശ്യപ്പെടാം’ എന്ന് കോടതിയിൽ പറയുകയായിരുന്നു.

അതേസമയം ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് വിമത എംഎല്‍എമാര്‍ക്കുവേണ്ടി ഹാജരായ എല്ലാ അഭിഭാഷകരും മറ്റ് കക്ഷികളുടെ അഭിഭാഷകരും അറിയിച്ചു.