കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം; വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

single-img
26 September 2019

വട്ടിയൂര്‍ക്കാവിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മോഹന്‍കുമാര്‍ മത്സരിക്കുമെന്ന് തീരുമാനം. നീഡ്‌ണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തീരുമാനം. മോഹന്‍ കുമാർ മത്സരിക്കുന്നത് ആദ്യം എതിര്‍ത്ത കെ മുരളീധരനെ നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്. ഇപ്പോൾ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ അദ്ദേഹത്തോട് സ്ഥാനം രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. മോഹന്‍കുമാര്‍ നാളെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുമെന്നാണ് വിവരം.

മണ്ഡലത്തിലേക്ക് എം.പി കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച പീതാംബരകുറുപ്പിനെതിരെ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നാണ് കെ മോഹന്‍കുമാറിന്റെ പേര് ഉയര്‍ന്നുവന്നത്. പക്ഷെ യൂത്ത് കോണ്‍ഗ്രസ് നേതാവും യുവജന കമ്മീഷന്‍ അംഗവുമായ ആര്‍.രാജേഷിന്റെ പേരായിരുന്നു മുരളീധരന്‍ രണ്ടാമത് നിര്‍ദേശിച്ചത്. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സങ്കീര്‍ണ്ണമാവുകയായിരുന്നു.

അതേസമയം മോഹന്‍കുമാര്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് മുരളീധരനുമായും ചര്‍ച്ച നടത്തുകയും തീരുമാനത്തിൽ എത്തുകയുമായിരുന്നു.