വര്‍ഗീയ പ്രചരണം നടത്തുന്നു; അലി അക്ബറിനെതിരെ പരാതി

single-img
26 September 2019

ബിജെപി നേതാവായ അലി അക്ബറിനെതിരെ പരാതിയുമായി സോളിഡാരിറ്റിയുടെ . പീഡനക്കേസിന്റെ പേരില്‍ വര്‍ഗീയ പ്രചരണം നടത്തുന്നതായാണ് പോലീസില്‍ പരാതി നല്‍കിയത്. അലി അക്ബര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ മതസ്പര്‍ദ വളര്‍ത്തുന്നതായി കാണിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂരാണ് കോഴിക്കോട് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്.

ലൗ ജിഹാദിൽ കൂടി പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രാഥമികാന്വേഷണം മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. എന്നാല്‍ സംഭവത്തിന്റെ പേരില്‍ മതസ്പര്‍ദ വളര്‍ത്തുന്ന തരത്തിലും കലാപം സൃഷ്ടിക്കുന്ന വിധത്തിലും ആസൂത്രിതമായ വ്യാജപ്രചരണങ്ങളാണ് നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

ലൗ ജിഹാദിലൂടെ തന്റെ മകളെ മതംമാറ്റാന്‍ ശ്രമം നടന്നെന്ന പിതാവിന്റെ പരാതിയെ തുടര്‍ന്ന് നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ പ്രവാസിയായിരുന്നു ലൗ ജിഹാദ് ആരോപണവുമായി രംഗത്തുവന്നത്. ചെറുമീനുകൾ മാത്രമല്ല വൻ സ്രാവുകളുടെ പെൺകുട്ടികൾ വരെ ആസൂത്രിത മതപരിവർത്തനത്തിന്റെ ഇരകളായിട്ടുണ്ടെന്ന് സംവിധായകൻ കൂടിയായ അലി അക്ബർ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.