ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലോ മഞ്ചേശ്വരത്തോ മത്സരിക്കണമെന്ന് ബിജെപി; ഇല്ലെന്ന് കെ സുരേന്ദ്രൻ

single-img
26 September 2019

കേരളത്തിൽ അഞ്ച് മണ്ഡലങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലോ മഞ്ചേശ്വരത്തോ കെ.സുരേന്ദ്രന്‍ മത്സരിക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയോഗത്തില്‍ ആവശ്യം ഉയർന്നു. എന്നാൽ ഉപതെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സുരേന്ദ്രന്‍ സംസ്ഥാന സമിതി യോഗം തീരും മുന്‍പേ മടങ്ങി. കേരളത്തിലെ കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. അതേപോലെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലും പരാജയപ്പെട്ടിരുന്നു.

സംസ്ഥാനത്തെ ഏതെങ്കിലും ഒരു സീറ്റില്‍ സംസ്ഥാനമാകെ അറിയപ്പെടുന്ന സുരേന്ദ്രനപോലെ ഒരു നേതാവ് മത്സരിച്ചാല്‍ നല്ലതാവും എന്നും എല്ലാ മണ്ഡലങ്ങളിലും സുരേന്ദ്രന്‍ സാന്നിധ്യം ആവേശം സൃഷ്ടിക്കുമെന്നും അദ്ദേഹം മത്സരിക്കണം എന്ന് ആവശ്യപ്പെട്ടവര്‍ സംസ്ഥാന സമിതിയില്‍ ചൂണ്ടിക്കാട്ടി.

പക്ഷെ താൻ മത്സരിക്കണമെന്ന ആവശ്യത്തെ സംസ്ഥാന സമിതി യോഗത്തില്‍ വച്ചുതന്നെ സുരേന്ദ്രന്‍ തള്ളി. സംസ്ഥാന സമിതി ആവശ്യപ്പെട്ട കോന്നിയിലോ മഞ്ചേശ്വരത്തോ അല്ല ഈ ഉപതെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ താനില്ലെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. അതേപോലെ തന്നെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണമെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോടും സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹവും വിമുഖത അറിയിച്ചു.