ഐസിസി അംഗത്വം റദ്ദാക്കി; സിംബാബ്‌വെ ഇന്ത്യയില്‍ പര്യടനത്തിനെത്തില്ല; പകരം ശ്രീലങ്ക

single-img
25 September 2019

ഐസിസിയില്‍ നിന്നും വിലക്ക് നേരിടുന്ന സിംബാബ്‌വെ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ പര്യടനത്തിനെത്തില്ല. പകരം ശ്രീലങ്ക പര്യടനം നടത്തും. ജനുവരി 5, 7, 10 തിയതികളില്‍ നടക്കുന്ന പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ത്യയിലെ ഗുവാഹത്തി, ഇന്‍ഡോര്‍, പൂനെ എന്നിവിടങ്ങളിലാണ് മത്സരം.

കഴിഞ്ഞ ജൂലൈയിലായിരുന്നു സിംബാബ്‌വെയുടെ ഐസിസി അംഗത്വം റദ്ദാക്കിയത്. രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാബ്വെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് നിയമ നടപടികളിലേക്ക് നയിച്ചത്. ഐസിസി അനുശാസിക്കുന്ന നിയമപ്രകാരം ഓരോ രാജ്യത്തേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായിട്ടാണ് മുന്നോട്ട് പോവേണ്ടത്. പക്ഷെ സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് വിരുദ്ധമായി കാര്യങ്ങള്‍ നീക്കി.

അതിനാല്‍ വിലക്ക് വന്നതോടെ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിനുള്ള ഐസിസിയുടെ എല്ലാ സഹായങ്ങളും നിര്‍ത്തലാക്കിയിരുന്നു. തുടര്‍ന്ന്ഒരു ഐസിസി ടൂര്‍ണമെന്റിലും സിംബാബ്വെയ്ക്ക് കളിക്കാന്‍ കഴിയില്ലെന്നും വന്നിരുന്നു.

വിലക്കിനൊപ്പം മൂന്ന് മാസത്തിനകം ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും അന്ന് ഐസിസി നിര്‍ദേശിച്ചിരുന്നു. പക്ഷെ കൂടുതല്‍ കടുത്ത നടപടികള്‍ വേണ്ടെന്ന മുറയ്ക്ക് അടുത്തിടെ ബംഗ്ലാദേശില്‍ ടി20 പരമ്പര കളിക്കാന്‍ ഐസിസി അനുവദിച്ചിരുന്നു.