പോലീസ്, സിവില്‍ സര്‍വീസ് തലപ്പത്ത് അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്; ടോമിൻ തച്ചങ്കരി ക്രൈംബ്രാഞ്ച് എഡിജിപി

single-img
25 September 2019

സംസ്ഥാനത്തെ പോലീസ്, സിവിൽ സർവീസ് തലപ്പത്ത് അഴിച്ചുപണി. പോലീസിൽ എഡിജിപി ടോമിൻ ജെ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. ആംഡ് പോലീസ് ബറ്റാലിയന്‍റെ അധിക ചുമതലയും തച്ചങ്കരിക്കായിരിക്കും. അതേപോലെ, സിവിൽ സർവീസിൽ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്നും മുഹമ്മദ് ഹനീഷിനെ മാറ്റി. പകരം തൊഴിൽ നൈപുണ്യംവകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. ഇതോടൊപ്പം നികുതി എക്സൈസ് സെക്രട്ടറിയുടെ അധിക ചുമതലയുമുണ്ട്.

പോലീസിൽ എസ്പിമാരായ ചൈത്ര തെരേസ ജോണിനും ദിവ്യ ഗോപിനാഥിനും സ്ഥാനമാറ്റമുണ്ട്. എസ്പി ചൈത്ര തെരേസയെ റിസർവ് ബറ്റാലിയൻ കമാണ്ടറായി നിയമിച്ചു. എസ്പി ഡോ. ദിവ്യ ഗോപിനാഥിന് വനിതാ ബറ്റാലിയന്‍റെ ചുമതല നൽകി. കേന്ദ്രത്തിൽ നിന്നും ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ അൽകേഷ് കുമാർ ശർമ്മയാണ് കൊച്ചി മെട്രോയുടെ പുതിയ എംഡി.

കൊച്ചി – ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. ദേവികുളം സബ് കളക്ടറായിരുന്ന വി ആർ രേണു രാജിനെ സ്ഥാനക്കയറ്റം നൽകി പൊതുഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായും നിയമിച്ചു.