രാം ചബൂത്ര രാമജന്മഭൂമിയാണെന്ന് അംഗീകരിച്ചിട്ടില്ലെന്ന് വഖഫ് ബോർഡ്

single-img
25 September 2019

അയോധ്യയിലെ രാം ചബൂത്ര രാമജന്മഭൂമിയാണെന്ന് തങ്ങൾ കോടതിയിൽ അംഗീകരിച്ചെന്ന വാർത്ത നിഷേധിച്ച് സുന്നി വഖഫ് ബോർഡ്.

രാം ചബൂത്ര രാമജന്മഭൂമിയാണെന്ന വിശ്വാസത്തോടെ ഹിന്ദുക്കൾ അവിടെ ആരാധന നടത്തുന്നുണ്ടെന്ന 1885-ൽ ഫൈസാബാദ് കോടതിയുടെ കണ്ടെത്തലിനെ വഖഫ് ബോർഡ് സുപ്രീം കോടതിയിൽ ഖണ്ഡിച്ചില്ല എന്നത് മാത്രമാണ് വാസ്തവമെന്നാണ് ബോർഡിന്റെ നിലപാട്. സുപ്രീം കോടതിയിൽ ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കഭൂമിയുടെ കേസ് പരിഗണിക്കുന്നതിനിടയിൽ രാം ചബൂത്ര രാമജന്മഭൂമിയാണെന്ന് വഖഫ് ബോർഡ് അംഗീകരിച്ചതായി വന്ന വാർത്തകളോട് പ്രതികരിച്ചുകൊണ്ടാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്.

വഖഫ് ബോർഡിനെ പ്രതിനിധീകരിക്കുന്ന മുതിർന്ന അഭിഭാഷകൻ സഫര്യബ് ജീലാനി കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ മുന്നിൽ ചൊവ്വാഴ്ച നടന്ന വാദങ്ങൾക്കിടെ ഫൈസാബാദ് കോടതിയുടെ കണ്ടെത്തലിനെ വഖഫ് ബോർഡ് ഖണ്ഡിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു.

ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് മസ്ജിദിൽ നിന്നും ഏകദേശം അറുപതടി അകലെയാണ് രാമജന്മഭൂമിയെന്ന് ഹിന്ദു സംഘടനകൾ അവകാശപ്പെടുന്ന രാം ചബൂത്ര സ്ഥിതി ചെയ്യുന്നത്.

എന്നാൽ ഫൈസാബാദ് ജില്ലാ ജഡ്ജിയുടെ കണ്ടെത്തലിന്മേൽ വാദത്തിന് തങ്ങൾ തയ്യാറാകാതിരുന്നതിന് രാമജന്മഭൂമി സങ്കൽപ്പത്തെ തങ്ങൾ അംഗീകരിച്ചു എന്നൊരർത്ഥമില്ലെന്ന് ജീലാനി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. രാം ചബൂത്ര രാമജന്മഭൂമിയാണെന്ന് വഖഫ് ബോർഡ് അംഗീകരിക്കുന്നില്ല. അത് ഹിന്ദുക്കളുടേ ഒരു വിശ്വാസം മാത്രമാണെന്നും ജീലാനി കൂട്ടിച്ചേർത്തു.