പിറവം പള്ളിയ്ക്ക് മുന്നിൽ ഓർത്തഡോക്സ് – യാക്കോബായ സംഘർഷം; കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

single-img
25 September 2019

പിറവം സെന്‍റ് മേരീസ് വലിയ പള്ളിയിൽ വൈകിട്ടോടെ വീണ്ടും സംഘർഷാവസ്ഥ. പള്ളിയുടെ ഉള്ളിലേക്ക് കയറിയ യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാൻ പോലീസ് നടത്തിയ ശ്രമം സംഘർഷത്തിലേയ്ക്ക് നീങ്ങി. പള്ളിയുടെ ഉള്ളിലുള്ള അകത്തുള്ള യാക്കോബായ വിഭാഗക്കാരും പള്ളിയ്ക്ക് പുറത്തുള്ള ഓർത്തഡോക്സ് വിഭാഗക്കാരും വീണ്ടും പരസ്പരം ഏറ്റുമുട്ടലിന്‍റെ വക്കോളമെത്തി.

ഇന്ന് മാത്രം ഇത് രണ്ടാം തവണയാണ് പിറവം വലിയ പള്ളിയ്ക്ക് മുന്നിൽ ഓർത്തഡോക്സ് – യാക്കോബായ സംഘർഷം ഉണ്ടാകുന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പള്ളി വളപ്പിനകത്ത് പോലീസ് കയറിയെങ്കിലും പിന്നീട് പിൻമാറി. പ്രശ്നക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് പള്ളിയിൽ കയറുന്നതിന് ജില്ലാ കളക്ടർ വിലക്കേർപ്പെടുത്തിയ 67 യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാനാണ് പോലീസ് ശ്രമിച്ചത്. നിലവിൽ സ്ഥലത്ത് ജില്ലാ കളക്ടർ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോൾ ഓർത്തഡോക്സ് വിഭാഗക്കാർ പള്ളിയ്ക്ക് പുറത്ത് പന്തൽ കെട്ടി സമരത്തിലാണ്. പള്ളിയുടെ അകത്ത് യാക്കോബായ വിഭാഗക്കാർ നിലയുറപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച്, പള്ളിയ്ക്ക് അകത്ത് കയറി പ്രാർത്ഥന നടത്താൻ പൂർണ അവകാശമുണ്ടെന്നും അത് നടത്താതെ പിരിഞ്ഞുപോകില്ലെന്നും ഓർത്തഡോക്സ് വിഭാഗക്കാർ ഉറച്ച നിലപാടെടുക്കുന്നു. രാത്രി പൂർണ്ണമായും ഇവിടെ തുടരുമെന്നാണ് ഓർത്തഡോക്സ് വിഭാഗക്കാർ പറയുന്നത്.