‘മോദി രാഷ്ട്രത്തിന്റെ പിതാവ്’: ട്രമ്പിന്റെ പ്രസ്താവനയിൽ അഭിമാനിക്കാത്തവർ ഇന്ത്യാക്കാരല്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

single-img
25 September 2019

നരേന്ദ്ര മോദി ഇന്ത്യയുടെ പിതാവാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അഭിമാനം കൊള്ളാത്തവർ ഇന്ത്യാക്കാരല്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജിതേന്ദ്ര സിംഗ്. തപാൽ വകുപ്പിൽ CPGRAMS (കേന്ദ്രീകൃത പൊതു പരാതി പരിഹാര നിരീക്ഷണ സംവിധാനം) പരിഷ്കാരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പക്ഷപാതരഹിതവും ധീരവുമായ ഒരു പ്രസ്താവന അമേരിക്കയിൽ നിന്നും അവിടുത്തെ പ്രസിഡന്റിൽ നിന്നും ഉണ്ടാകുമ്പോൾ ഓരോ ഇന്ത്യാക്കാരനും രാഷ്ട്രീയഭേദങ്ങൾക്കതീതമായി അതിൽ അഭിമാനിക്കണമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

“ ഇന്ത്യൻ പ്രധാനമന്ത്രിയെ എന്നല്ല ഏതെങ്കിലുമൊരു ദേശീയ നേതാവിനെ പുകഴ്ത്താൻ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ഇതിൽ ആർക്കെങ്കിലും അഭിമാനമില്ലെങ്കിൽ അയാൾ സ്വയം ഇന്ത്യാക്കാരനായി കരുതുന്നുണ്ടാവില്ല.”

ജിതേന്ദ്ര സിംഗ് പറഞ്ഞു.

പ്രവാസികളെല്ലാം ഇന്ന് ഇന്ത്യാക്കാരായതിൽ അഭിമാനിക്കുകയാണ്. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവമാണ് ഈ നേട്ടങ്ങൾക്കെല്ലാം കാരണമെന്നു സിംഗ് കൂട്ടിച്ചേർത്തു.

“എന്റെ ഓർമ്മയിൽ ഇന്ത്യ വളരെ മോശം അവസ്ഥയിലായിരുന്നു. അവിടെ കലഹങ്ങളും അടിപിടിയുമെല്ലാം ആയിരുന്നു. അതെല്ലാം പരിഹരിച്ച് ഇന്ത്യയെ ഒരുമിപ്പിച്ചത് മോദിയായിരുന്നു. ഒരു പിതാവിനെപ്പോലെ. ഒരുപക്ഷേ അദ്ദേഹമായിരിക്കും ഇന്ത്യയുടെ പിതാവ്” – എന്നായിരുന്നു ഡൊണാൾഡ് ട്രമ്പ് പറഞ്ഞത്.