ചൊവ്വയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി മംഗള്‍യാന്‍; പേടകത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമെന്ന് ഐഎസ്ആര്‍ഒ

single-img
25 September 2019

രാജ്യത്തിന്റെ ചൊവ്വാദൗത്യമായ മംഗള്‍യാന്‍ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി. 2013 നവംബര്‍ അഞ്ചിനു ശ്രീഹരിക്കോട്ടയില്‍നിന്ന് പി.എസ്.എല്‍.വി.എക്‌സ്.എല്‍. റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിച്ച മംഗള്‍യാന്‍ 2014 സെപ്റ്റംബര്‍ 24-നാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ഏഴു നിരീക്ഷണ ഉപകരണങ്ങള്‍ വഴി ചൊവ്വയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് രാജ്യത്തിനു ലഭിച്ചത്.

ആറു മാസത്തെ ദൗത്യം ലക്ഷ്യമാക്കി വിക്ഷേപിച്ച മംഗള്‍യാന്‍ അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചത് വലിയ നേട്ടമാണ്. മംഗള്‍യാന്റെ പ്രവര്‍ത്തനം തൃപ്തികരമെന്നും കുറച്ചുകാലം കൂടി ചൊവ്വയുടെ ഭ്രമണപഥത്തില്‍ തുടരുമെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്‍ അയച്ച ചിത്രത്തിന്റെ സഹായത്തോടെയാണ് മാര്‍ഷ്യന്‍ അറ്റ്ലസ് ഐ.എസ്.ആര്‍.ഒ. തയ്യാറാക്കിയത്. ആദ്യ ചൊവ്വാദൗത്യം വിജയിക്കുന്ന രാജ്യം എന്ന നേട്ടവും ഇതിലൂടെ ഇന്ത്യക്ക് കൈവരിക്കാന്‍ കഴിഞ്ഞു. പേടകത്തിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനം ഇപ്പോഴും തൃപ്തികരമാണ്. ആയിരക്കണക്കിനു ചിത്രങ്ങളാണ് പേടകം അയച്ചതെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.