ഗ്വാളിയോറില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് വീണു; പൈലറ്റുമാര്‍ രക്ഷപെട്ടു

single-img
25 September 2019

ഗ്വാളിയോര്‍: വ്യോമസേനയുടെ മിഗ് 21 വിമാനം മധ്യപ്രദേശിലെ ഗ്വാളിയോറില്‍ തകര്‍ന്നുവീണു. നിത്യേനയുള്ള നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന വിമാനമാണ് തകര്‍ന്നത്. ഗ്വാളിയോറിലെ വ്യോമസേനയുടെ താവളത്തിന് സമീപമാണ് മിഗ് 21 വിമാനം തകര്‍ന്ന് വീണത്.

ഗ്രൂപ്പ് ക്യാപ്റ്റനും സ്‌ക്വാഡ്രന്‍ ലീഡറും ഉള്‍പ്പെടെ രണ്ടുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത് . ഇവര്‍ രണ്ട് പേരും കൃത്യ സമയത്ത് സീറ്റ് ഉപേക്ഷിച്ചതുകൊണ്ട് ആളപായം ഉണ്ടായില്ല, കഴിഞ്ഞ മാര്‍ച്ചില്‍ ചിറകില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ബിക്കാനീറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണിരുന്നു.

വ്യോമസേനയുടെ ഈ വര്‍ഷത്തെ12ാമത്തെ അപകടമാണിത്. വ്യോമസേന അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സോവിയറ്റ് കാലം മുതല്‍ വ്യാപകമായി ഉപയോഗിക്കുന്ന വിമാനമാണ് മിഗ് 21. വ്യോമസേനയുടെ പോരാട്ടങ്ങളുടെ നട്ടെല്ലായാണ് മിഗ് വിമാനത്തെ കണക്കാക്കുന്നത്. മിഗ് 21 ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവുന്നത് 1960ലാണ്. മിഗ് 21 വിമാനങ്ങള്‍ ബൈസണ്‍ ടൈപ്പിലേക്ക് 2006ല്‍ മാറ്റിയിരുന്നു.

പുതുക്കിയ വിമാനങ്ങളില്‍ ശക്തമായ റഡാര്‍ സംവിധാനവും, ആശയവിനിമയ സംവിധാനവും ഉള്‍പ്പെടുന്നതാണ്. ബോബുകള്‍ കൊണ്ടുപോകാന്‍ മാത്രം നേരത്തെ ഉപയോഗിച്ചിരുന്ന വിമാനങ്ങള്‍ ഇപ്പോള്‍ ആയുധങ്ങള്‍ കൊണ്ടുപോകാനും ഉപയോഗിക്കുന്നുണ്ട്. 36 റാഫേല്‍ വിമാനങ്ങളുടെ വരവോടെ മിഗ് 21 വിമാനങ്ങള്‍ മാറുമെന്നാണ് നിരീക്ഷിക്കുന്നത്.