ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ അവാര്‍ഡ് ഏറ്റുവാങ്ങി നരേന്ദ്ര മോദി

single-img
25 September 2019

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബില്‍ ആന്‍ഡ് മിലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം സമ്മാനിച്ചു. സ്വച്ഛ് ഭാരത് മിഷനിലൂടെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം സമ്മാനിച്ചത്. ഐക്യരാഷ്ട്ര പൊതുസഭ(യുഎന്‍ജി) സമ്മേളനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച പുരസ്‌കാരം സമ്മാനിച്ചു.

സ്വച്ഛ് ഭാരത് മിഷനിലൂടെ ഇന്ത്യയിലും ആഗോളതലത്തിലും ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞുവെന്നും ഇതിനുള്ള പ്രത്യേക അംഗീകാരമാണ് ഗോള്‍ കീപ്പര്‍ പുരസ്‌കാരമെന്നും ഫൗണ്ടേഷന്‍ പറഞ്ഞു. പാവപ്പെട്ട ജനങ്ങളുടെ ശൗചാലയ സൗകര്യങ്ങള്‍ ഉറപ്പിക്കാന്‍ നിരവധി രാജ്യങ്ങള്‍ക്ക് മാതൃകയാക്കാന്‍ സാധിക്കുന്നതാണ് സ്വച്ഛ് ഭാരത് മിഷനെന്നും ഗേറ്റ്സ് ഫൗണ്ടേഷന്‍ അറിയിച്ചു.

അതേസമയം, ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് നരേന്ദ്ര മോഡി പറഞ്ഞു. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്വപ്നമായ സ്വച്ഛ് ഭാരതിലേക്ക് ഇന്ത്യ കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം മോഡി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളൊന്നായിരുന്നു സ്വച്ഛ് ഭാരത്. 2014ലാണ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്.